അഹമ്മദാബാദ്: ഗുജറാത്തിലുടനീളം മിന്നലേറ്റ് 20 പേർ മരിച്ചു. ഞായറാഴ്ചത്തെ മാത്രം കണക്കാണിതെന്ന് സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ പ്രകാരമുള്ള പി.ടി.ഐ റിപ്പോർട്ടിൽ പറയുന്നു.
|
സംസ്ഥാനത്ത് പെയ്ത തീവ്രമായ കാലവർഷക്കെടുതിയിലാണ് ഇത്രയും മരണം സംഭവിച്ചത്. ദഹോദ് – നാല്, ബറൂച്ച് – മൂന്ന്, താപി – രണ്ട്, അഹമ്മദാബാദ്, അംറേലി, ബനാസ്കന്ത, ബോതാഡ്, ഖേദ, മെഹ്സാന, പഞ്ച്മഹൽ, സബർകന്ത, സൂറത്ത്, സുരേന്ദ്ര നഗർ, ദേവ്ഭൂമി ദ്വാരക എന്നിവിടങ്ങളിൽ ഒന്നു വീതവുമാണ് മരണം.
സംഭവത്തിൽ ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ‘ഗുജറാത്തിലെ വിവിധ നഗരങ്ങളിൽ മോശം കാലാവസ്ഥയിലും മിന്നലിലും നിരവധി പേർ മരിച്ച സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. ഈ ദുരന്തത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നു’.
‘പ്രാദേശിക ഭരണകൂടം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നു’- അമിത് ഷാ എക്സിൽ കുറിച്ചു. ഇന്ന് മുതൽ ഗുജറാത്തിൽ മഴയിൽ ക്രമാനുഗതമായ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.





