മഞ്ഞപ്പടയുടെ ചങ്ക് തകര്‍ക്കുന്ന വാര്‍ത്ത; ലൂണയ്ക്ക് ഗുരുതര പരിക്ക്, ഈ സീസണില്‍ കളിക്കില്ലെന്നും സൂചന; പഞ്ചാബിനെതിരെ ഇന്ന് ലൂണയുണ്ടാകില്ല
|
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടമായ മഞ്ഞപ്പടയുടെ ചങ്ക് തകര്‍ക്കുന്ന വാര്‍ത്ത, ടീമിന്റെ നെടുനായകന്‍ അഡ്രിയാന്‍ ലൂണയ്ക്ക് ഗുരുതര പരിക്ക്. ഈ സീസണില്‍ കളിക്കില്ലെന്നും സൂചനയുണ്ട്. ഇതോടെ പഞ്ചാബിനെതിരായ മത്സരത്തില്‍ ഇന്ന് ലൂണയുണ്ടാകില്ല.
പഞ്ചാബ് എഫ്.സിയുമായുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന പരിശീലനത്തിനിടെയാണ് താരത്തിന്റെ കാല്‍മുട്ടിന് പരിക്കേറ്റത്. ഗുരുതര പരിക്കായതിനാല്‍ ശസ്ത്രക്രിയ വേണ്ടിവരും. ഇതിനായി താരം ഇപ്പോള്‍ മുംബൈയിലാണ്. ശസ്ത്രക്രിയക്ക് ശേഷം ദീര്‍ഘനാള്‍ വിശ്രമം ആവശ്യമായതിനാല്‍ ലൂണ നാട്ടിലേക്ക് മടങ്ങിയേക്കും. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തുമ്പോഴേക്ക് സീസണ്‍ അവസാനമാകും. അതിനാല്‍ തന്നെ ഈ സീസണില്‍ ലൂണക്ക് ഇനി കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത ഫുട്‌ബോള്‍ കമന്റേറ്ററായ ഷൈജു ദാമോദരനാണ് ഈ വിവരം പുറത്ത് വിട്ടത്.
അതേസമയം പരിക്ക് സംബന്ധിച്ച വിവരങ്ങളൊന്നും ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പങ്കുവെച്ചിട്ടില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഇലവനില്‍ ഉറപ്പുള്ള താരമായ ലൂണയുടെ സാന്നിധ്യം ടീമിന് പോസിറ്റീവ് എനര്‍ജിയാണ് നല്‍കിയിരുന്നത്. ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലുമുള്ള ലൂണയുടെ മികവിന് ആരാധകര്‍ ഏറെയായിരുന്നു. മിന്നും ഫോമിലുള്ള ലൂണയെ കേന്ദ്രീകരിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളി മെനഞ്ഞിരുന്നതും. മധ്യനിരയിലെ യന്ത്രമായ ലൂണയുടെ അഭാവത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് കളി ശൈലി തന്നെ മാറ്റേണ്ടിവരും. പത്താം സീസണ്‍ ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിച്ച ഒന്‍പത് മത്സരങ്ങളിലും മൈതാനത്തിറങ്ങിയ ലൂണ മൂന്ന് ഗോളുകളാണ് അടിച്ചത്, നാല് അസിസ്റ്റും ലൂണയുടെ പേരിലുണ്ട്.


