13
Sep 2026
Sun
13 Sep 2026 Sun
owner offers 8 lakh rupees as reward to find her missing dog Chikku

രണ്ട് മാസത്തിലേറെയായി കാണാതായ വളർത്തുനായയെ കണ്ടെത്തി തിരികെ ഏൽപ്പിക്കുന്നവർക്ക് 30,000 യുഎഇ ദിർഹം (ഏകദേശം 7.8 ലക്ഷം ഇന്ത്യൻ രൂപ) പാരിതോഷികമായി പ്രഖ്യാപിച്ച് ഉടമയായ പ്രിയങ്ക തമാങ്. യുഎഇയിലെ അബൂദബിയിൽ പ്രവാസിയാണ് ഇന്ത്യക്കാരിയായ ഈ യുവതി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വർഷമാണ് ജിക്കു എന്ന മാൾട്ടീസ് ഇനത്തിൽപ്പെട്ട നായയെ പ്രിയങ്ക സ്വന്തമാക്കിയത്. ജൂലൈ മൂന്നിന് അബൂദബിയിലെ അൽ മുഷ്‌രിഫ് മേഖലയിൽ നിന്നാണ് ജിക്കുവിനെ കാണാതായത്. മുഷ്‌രിഫ് മാളിന് സമീപത്തായിരുന്നു സംഭവം. കുടുംബം താമസം മാറിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ജിക്കു വീട്ടിൽനിന്ന് ഓടിപ്പോയത്.

ജിക്കുവിനെ കണ്ടെത്തുന്നതിനായി പ്രിയങ്കയും പ്രതിശ്രുതവരനും അൽ മുഷ്‌രിഫ് മേഖലയിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി. നായയുടെ പോസ്റ്ററുകൾ ഇവിടെ പതിപ്പിച്ചെങ്കിലും ഫലം കണ്ടില്ല,
ജിക്കുവിനെ വിവിധ സ്ഥലങ്ങളിൽ കണ്ടതായി നിരവധി പേർ അറിയിച്ചിരുന്നെങ്കിലും ആഗസ്റ്റ് അഞ്ചിന് ശേഷം ഇത്തരം വിവരങ്ങൾ കുറഞ്ഞു.

“അവൻ എനിക്ക് ഒരു മകനെപ്പോലെയായിരുന്നു. ജോലിയിലെ സമ്മർദങ്ങളെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അവൻ എന്നെ സ്വീകരിക്കാൻ അവിടെയുണ്ടാകും. അവനെ കാണുമ്പോൾ എല്ലാ സമ്മർദങ്ങളും അലിഞ്ഞുപോകുന്നതുപോലെയായിരുന്നു,” പ്രിയങ്ക പറഞ്ഞു.

ജിക്കുവിനെ കണ്ടെത്താൻ ആദ്യം 5,000 ദിർഹം പാരിതോഷികമാണ് കുടുംബം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ദുബായിലെ ഗൾഫ് ഇൻവെസ്റ്റ് റിയൽ എസ്റ്റേറ്റ് കുടുംബത്തിന്റെ തിരച്ചിലിനെക്കുറിച്ച് അറിഞ്ഞതോടെ പാരിതോഷികം 15,000 ദിർഹമായി ഉയർത്തുകയും പോസ്റ്ററുകൾ വിതരണം ചെയ്യുന്നതിൽ സഹായിക്കുകയും ചെയ്തു.

തുടർന്ന് മറ്റൊരു നായ ഉടമയുടെ ഇടപെടലിലാണ് പാരിതോഷികം വീണ്ടും ഉയർത്തിയത്. ദുബായ് ആസ്ഥാനമായ ഹോം ഫൈൻഡറിലെ പ്രതിനിധിയാണ് ജിക്കുവിനായുള്ള തിരച്ചിലിനെക്കുറിച്ച് അറിഞ്ഞതിനെ തുടർന്ന് പാരിതോഷികം ഇരട്ടിയാക്കാൻ മുന്നോട്ടുവന്നത്. ഇതോടെയാണ് തുക 30,000 ദിർഹമായി, അതായത് ഏകദേശം 7.8 ലക്ഷം രൂപയായി, ഉയർന്നത്.

അതേസമയം, ജിക്കുവിനെ കണ്ടെത്താനുള്ള ഫോൺ നമ്പറുകളിലേക്ക് ചിലർ വ്യാജ ഫോൺകോളുകൾ വിളിച്ച് കുടുംബത്തെ പരിഹസിക്കുന്നതായും പ്രിയങ്ക പറഞ്ഞു. ചിലർ ഫോണിൽ നായയെപ്പോലെ കുരച്ച് പരിഹസിക്കാറുണ്ടെന്നും, എന്നിരുന്നാലും ജിക്കുവിനെക്കുറിച്ചുള്ള വിവരമാകുമെന്ന പ്രതീക്ഷയിൽ എല്ലാ കോളുകളും സ്വീകരിക്കാറുണ്ടെന്നും അവർ പറഞ്ഞു.

ഇന്ത്യയിൽ പ്രിയങ്കയ്ക്ക് രണ്ട് നായ്ക്കളുണ്ട്. കഴിഞ്ഞ വർഷം സുഹൃത്ത് വഴിയാണ് ജിക്കുവിനെക്കുറിച്ച് അറിയുന്നത്. രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന ജിക്കുവിനെ ആദ്യമായി കണ്ടപ്പോഴുതന്നെ ഇഷ്ടപ്പെട്ടെന്നും തുടർന്ന് വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നെന്നും പ്രിയങ്ക പറയുന്നു.

ആരെങ്കിലും ജിക്കുവിനെ കണ്ടെത്തിയാൽ മൈക്രോചിപ്പിന്റെ അവസാന അക്കങ്ങൾ 8732 ആണെന്ന് പരിശോധിച്ച് സ്ഥിരീകരിക്കാം. ജിക്കുവിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0562980817 അല്ലെങ്കിൽ 0556105319 എന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചു.

ALSO READ: വിവാഹാഭ്യർഥന നിരസിച്ച 38കാരിയെ വെടിവച്ചുകൊന്ന് 22കാരൻ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക