15
Dec 2023
Sun
15 Dec 2023 Sun

പ്രവാസികളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് സ്‌കോളര്‍ഷിപ്പ്; ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പിന് 2023 ഡിസംബര്‍ 31 വരെ അപേക്ഷ നല്‍കാം. സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കൂടുതലാകാന്‍ പാടില്ല. നേരത്തെ ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാമെന്നാണ് അറിയിച്ചിരുന്നത്. ഇത് ഇപ്പോള്‍ നീട്ടുകയായിരുന്നു.

ബിരുദാനന്തര, ബിരുദ കോഴ്‌സുകള്‍ക്കും ,പ്രൊഫഷണല്‍ ഡിഗ്രി കോഴ്‌സുകള്‍ക്കും 202324 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്‌സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത.

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍ കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക. യോഗ്യതയുള്ളവര്‍ അവസാന തീയതിക്ക് മുമ്പ് അപേക്ഷകള്‍ സമര്‍പ്പിക്കണം.

ഓണ്‍ലൈനായാണ് നോര്‍ക്കറൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി നോര്‍ക്കാ റൂട്ട്‌സിന്റെ www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
വിശദവിവരങ്ങള്‍ 04712770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.