18
Dec 2023
Mon
18 Dec 2023 Mon

രാഷ്ട്രീയവൈരത്തിന്റെ പേരിൽ വ്യാജ പോക്സോ കേസിൽ കുടുക്കി 30 ദിവസം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്ത സ്കൂൾ അധ്യാപകനെ കോടതി വെറുതെവിട്ടു. ഇരിട്ടി കാ​ക്ക​യ​ങ്ങാ​ട് പാ​ല ഗ​വ. ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ൻ മു​ഴ​ക്കു​ന്ന് സ്വ​ദേ​ശി എ.​കെ. ഹസ്സ​ൻ മാസ്റ്റർ ആണ് രാഷ്ട്രീയ വൈരത്തിനിരയായി പോക്സോ കേസിൽ ജയിലിൽ അടയ്ക്കപ്പെട്ടത്. മ​ട്ട​ന്നൂ​ര്‍ അ​തി​വേ​ഗ പോ​ക്സോ കോ​ട​തി സ്പെ​ഷ​ല്‍ ജ​ഡ്ജ് അ​നീറ്റ ജോ​സ​ഫാണ് കുറ്റക്കാരന​ല്ലെന്ന് കണ്ട് ഹസ്സൻ മാസ്റ്ററെ വെറുതെ വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലു വി​ദ്യാ​ര്‍ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ചെ​ന്ന വ്യാജ പരാതിയിലാണ് എ കെ ഹസ്സനെതിരേ നടപടിയുണ്ടായത്. 22 വ​ർ​ഷ​​മാ​യി പാ​ല ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക​നാ​യിരുന്നു ഹ​സ്സ​ൻ​മാസ്റ്റർ. കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎ​സ്​ടി.എയുടെ സം​സ്ഥാ​ന നി​ർ​വാ​ഹ​സ​മി​തി അം​ഗ​മാ​യി​രു​ന്ന തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ഇ​ട​ത് അ​നു​കൂ​ല സം​ഘ​ട​നയും എസ്.എഫ്.ഐയും ചേർന്ന് കെട്ടിച്ചമച്ചതാണ് കേസെന്ന് ഹ​സ്സ​ൻ മാ​സ്റ്റ​ർ പറയുന്നു.

ഹസ്സൻ മാസ്റ്ററെ അറസ്റ്റ് ചെയ്യണ​മെന്നും പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐയും മഹിളാ അസോസിയേഷനും സ്കൂളിന് മുന്നിൽ ഉപരോധ സമരം നടത്തിയിരുന്നു. ഒടുവിൽ അഞ്ചുമാസം സസ്​പെൻഷനും വീട്ടിനടുത്തുള്ള സ്കൂളിൽനിന്ന് വിദൂര സ്ഥലത്തേക്കുള്ള സ്ഥലംമാറ്റവും നൽകി വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.

അതേസമയം, കോടതിവരാന്തയിൽ ഹസ്സൻ മാസ്റ്ററുടെ കാൽതൊട്ട് പരാതിക്കാരിയായ വിദ്യാർഥിനി മാപ്പ് പറഞ്ഞു. കുട്ടിയു​ടെ പിതാവും മാപ്പപേക്ഷിച്ചു. സാമൂഹികമായി ഒറ്റപ്പെട്ട നാളുകളിൽ ഭാര്യയും മക്കളും കുടുംബം മുഴുവനും അകമഴിഞ്ഞ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നുവെന്ന് അധ്യാപകൻ പറഞ്ഞു. ഭാര്യാസഹോദരനാണ് നിയമസഹായത്തിന് നേതൃത്വം നൽകിയത്.

തന്നെ മാനസികമായി തകർത്ത്, കള്ളക്കേസിൽ കുടുക്കി 30 നാൾ ജയിലിലടച്ച് ഇവർ എന്താണ് നേടിയത്? 33 വർഷത്തിലേറെ തലമുറകളെ പഠിപ്പിച്ച അധ്യാപകനാണ് താൻ. ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല. തന്നെ ഉപദ്രവിച്ച ആരോടും പ്രതികാരം ചെയ്യാനുമില്ല. എല്ലാം താൻ ദൈവത്തിന്റെ കോടതിയിൽ സമർപ്പിക്കുന്നു. ദൈവമാണ് വലിയവൻ. ഉപ്പുതിന്നവ​നെ അവൻ വെള്ളംകുടിപ്പിക്കും. ഇതിനുപിന്നിൽ പ്രവൃത്തിച്ചവർക്ക് പ്രകൃതി ത​ന്നെ ഏറ്റവും കടുത്ത ശിക്ഷ നൽകുമെന്നും ഹസൻ മാസ്റ്റർ കോടതി വിധിക്കു ശേഷം പ്രതികരിച്ചു. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള തീരുമാനത്തെ വിമർശിച്ചതുമുതലാണ് തന്നോടുള്ള എതിർപ്പ് ഇവർ രൂക്ഷമായി പ്രകടിപ്പിച്ച് തുടങ്ങിയത്. അടുത്ത മെയിൽ സർവിസിൽനിന്ന് വിരമിക്കുന്ന തന്റെ സൽപേര് കളങ്കപ്പെടുത്താനും രാഷ്ട്രീയ ഭാവി തകർക്കാനുമാണ് ഈ കേസ് കെട്ടിച്ചമച്ചതെന്നും ഹസ്സൻ മാസ്റ്റർ കൂട്ടിച്ചേർത്തു.