കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശിയായ 19കാരനെ ഗോവയില്‍ മരിച്ച നിലയില്‍ കണ്ടത്തി. പുതുവത്സരാഘോഷത്തിനായി ഗോവയിലെത്തി കാണാതായ യുവാവിനു വേണ്ടി തിരച്ചില്‍ നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) ആണ് മരിച്ചത്.
|
ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ഡിസംബര്‍ 30നാണ് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗം സഞ്ജയ് ഗോവയിലെത്തിയത്. പുതുവല്‍സര ആഘോഷത്തിന് ശേഷം യുവാവിനെ കാണാതാവുകയായിരുന്നു.
സഞ്ജയിനെ ബന്ധപ്പെടാന് ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. യുവാവിനെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായതോടെ ബന്ധുക്കള്‍ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബീച്ചില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിക്കുകയും ഇവര്‍ മൃതദേഹത്തില്‍ അണിഞ്ഞിരുന്ന ഷര്‍ട്ട് അടക്കമുള്ളവ തിരിച്ചറിഞ്ഞതോടെ മൃതദേഹം യുവാവിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.





