ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ L1 ഇന്ന് ലക്ഷ്യ സ്ഥാനത്തേക്ക്; യാത്ര നീണ്ടത് 126 ദിവസം
|
ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര ദൗത്യമായ ആദിത്യ എല്‍ വണ്‍ ഇന്ന് ലക്ഷ്യസ്ഥാനത്തെത്തും. വൈകിട്ട് നാലിനും നാലരയ്ക്കും ഇടയിലാണ് ആദിത്യ, ഭൂമിയില്‍നിന്ന് 15 ലക്ഷം കി.മീ അകലെയുള്ള ഒന്നാം ലഗ്രാഞ്ച് പോയിന്റിന് ചുറ്റുമുള്ള ഹാലോ ഓര്‍ബിറ്റില്‍ പ്രവേശിക്കുക. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ രണ്ടിന് വിക്ഷേപിച്ച പേടകം 126 ദിവസത്തെ യാത്രയ്ക്ക് ശേഷമാണ് നിര്‍ദ്ദിഷ്ട ലക്ഷ്യസ്ഥാനത്തെത്തുന്നത്. ബംഗളുരൂവിലെ ഐഎസ്ആര്‍ഒ ട്രാക്കിംഗ് ആന്‍ഡ് ടെലിമെട്രി നെറ്റ്‌വര്‍ക്കില്‍ നിന്നാണ് പേടകത്തെ നിയന്ത്രിക്കുന്നത്.
ദൗത്യം വിജയിച്ചാല്‍ ഒന്നാം ലഗ്രാഞ്ച് പോയിന്റില്‍ ഉപഗ്രഹമെത്തിക്കുന്ന നാലാമത്തെ ബഹിരാകാശ ഏജന്‍സിയാകും ഐഎസ്ആര്‍ഒ. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയാണ് പിഎപിഎ പേ ലോഡിന് പിന്നില്‍. ഇന്ത്യന്‍ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ വ്യത്യസ്ത പരീക്ഷണ ഉപകരണങ്ങളുമായി ദൗത്യത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നത് ആദിത്യ എല്‍ വണ്ണിന്റെ പ്രത്യേകതയാണ്.
സൂര്യന്റെ കൊറോണയെക്കുറിച്ചും, കൊറോണല്‍ മാസ് ഇജക്ഷന്‍ എന്ന് വിളിക്കുന്ന സൗര സ്‌ഫോടനങ്ങളെക്കുറിച്ചും പുത്തന്‍ വിവരങ്ങളാണ് ആദിത്യയിലൂടെ ലക്ഷ്യമിടുന്നത്. സൂര്യനില്‍ നിന്ന് വരുന്ന പല തരംഗങ്ങളെയും ഭൂമിയുടെ കാന്തിക മണ്ഡലവും അന്തരീക്ഷവും തടഞ്ഞുനിര്‍ത്തുന്നത് കൊണ്ടാണ് നമ്മുടെ ഗ്രഹത്തില്‍ ജീവന്‍ ഇപ്പോഴത്തെ രീതിയില്‍ നിലനില്‍ക്കുന്നത്. ആ തരംഗങ്ങളെയും കാന്തിക പ്രഭാവങ്ങളെയും പഠിക്കണമെങ്കില്‍ ഭൂമിയുടെ സംരക്ഷണത്തിന് പുറത്ത് പോയാലേ സാധിക്കൂ. സൗരയൂധത്തെക്കുറിച്ചും സൂര്യനെക്കുറിച്ചും പുത്തന്‍ അറിവുകള്‍ ആദിത്യ സമ്മാനിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ.
Back BackAditya L1 mission: India’s solar mission to be placed in final orbit today, says ISRO


