ഡിഗ്രിക്ക് സയന്‍സ് പഠിക്കുന്നവരാണോ? എങ്കില്‍ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ മറക്കല്ലേ; വരുമാനപരിധിയില്ലാതെ ആര്‍ക്കും ലഭിക്കും, നല്ല തുകയും
|
പ്ലസ് ടുവിന് മികച്ച മാര്‍ക്കോടെ ഒന്നാം വര്‍ഷ ശാസ്ത്ര ബിരുദത്തിന് ചേര്‍ന്നവര്‍ക്ക് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നല്‍കുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ശാസ്ത്ര വിഷയങ്ങളിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയില്ലാതെ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. പ്ലസ് ടു വില്‍ സയന്‍സ് വിഷയങ്ങളില്‍ ലഭിച്ചിരിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.
അവസാന തീയതി ഫെബ്രുവരി 29.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഐസര്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കാനുള്ള അവസരമുണ്ട്. ആകെയുള്ള സ്‌കോളര്‍ഷിപ്പുകളില്‍ 50% പെണ്‍കുട്ടികള്‍ക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിട്ടുണ്ട്.
ആര്‍ക്കൊക്കെ അപേക്ഷിക്കാം
പ്ലസ് ടുവിന് 90% മാര്‍ക്കെങ്കിലും നേടി ഒന്നാം വര്‍ഷ ശാസ്ത്ര ബിരുദത്തിന് ഇപ്പോള്‍ പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനവസരം. പട്ടികജാതി/വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 80% മാര്‍ക്കു മതി. വരുമാന പരിധി നിഷ്‌ക്കര്‍ഷിച്ചിട്ടില്ലാത്തതിനാല്‍, നിര്‍ദ്ദിഷ്ടയോഗ്യതയുള്ള ആര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
സ്‌കോളര്‍ഷിപ്പ് ആനുകൂല്യം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്, ആദ്യ വര്‍ഷം 12,000 / രൂപയും രണ്ടാം വര്‍ഷം 18,000 / രൂപയും മൂന്നാം വര്‍ഷം 24,000 / രൂപയും സ്‌കോളര്‍ഷിപ്പായി ലഭിക്കും. പ്രസ്തുത വിദ്യാര്‍ത്ഥികള്‍ 75% മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കി ബിരുദാനന്തരബിരുദത്തിനു ചേര്‍ന്നാല്‍ മറ്റു മാനദണ്ഡങ്ങളൊന്നുമില്ലാതെ തന്നെ ആദ്യ വര്‍ഷം 40,000 / രൂപയും രണ്ടാം വര്‍ഷം 60,000 / രൂപയും ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനുമായി https://kscste.kerala.gov.in/prathibhascholarshipprogramme/, https://kscste.kerala.gov.in/
Pratibha Puraskar Scholarship 2024 Apply Online


