വാണിയന്നൂർ: ഏറെ പ്രയാസം അനുഭവിക്കുന്ന കിഡ്നി രോഗികൾക്ക് താങ്ങും തണലുമായി ചെറിയമുണ്ടം പഞ്ചായത്തിലെ വാണിയന്നൂരിൽ 2013ൽ തുടങ്ങിയ “അഭയം ഡയാലിസിസ് സെന്റർ” ന്റെ പത്താം വാർഷികം വാണിയന്നൂർ മീശപ്പടിയിലുള്ള അമാനത്ത് കൺവൻഷൻ സെന്ററിൽ ഫെബ്രുവരി 28ന് നടക്കും. പാവപ്പെട്ട കിഡ്നി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്ന കേരളത്തിലെ ആദ്യത്തെ ഡയാലിസിസ് കേന്ദ്രമാണിത്. സുമനസ്സുകളുടെ സംഭാവന കൊണ്ട് മാത്രം നടത്തപ്പെടുന്ന ഈ കേന്ദ്രത്തിനു ഒരു മാസം അഞ്ചര ലക്ഷത്തോളം രൂപ ചെലവുണ്ട്.
|
തിരൂർ, താനൂർ മുനിസിപാലിറ്റിയിലെയും ചുറ്റുമുള്ള പന്ത്രണ്ടോളം പഞ്ചായത്തുകളിലെയും 54 രോഗികൾക്കാണ്, ഇവിടെ നിന്നും സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുത്തുക്കൊണ്ടിരിക്കുന്നത്. ഇതിനോടനുബന്ധമായി ഒരു ആശുപത്രി കൂടി തുടങ്ങാൻ ആവശ്യമുള്ള സ്ഥലം വാങ്ങിയിട്ടുമുണ്ട്. ഇനി കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള ഫണ്ട് കൂടി കണ്ടെത്തേണ്ടതുണ്ട്.
പത്താം വാർഷികത്തിനോട നുബന്ധിച്ച് നടത്തപ്പെടുന്ന ബോധവൽക്കരണ ക്ലാസുകൾക്ക് മോട്ടിവേഷൻ സ്പീക്കർ ഫിലിപ്പ് മമ്പാട് “പഴ്ത്തിലയും പച്ചിലയും” എന്ന വിഷയത്തിലും, തുടർന്ന് പ്രസിദ്ധ നെഫ്രോളജിസ്റ്റ് ഡോ. ഷംസുദ്ധീൻ, സജീവൻ മാസ്റ്റർ വടകര എന്നിവർ ജീവിത ശൈലി രോഗങ്ങൾ, പ്രകൃതിയും മനുഷ്യനും എന്നീ വിഷയങ്ങളിലും ക്ലാസെടുക്കും. അഭയം ചെയർമാൻ കോയ പുത്തുതോട്ടിൽ അധ്യക്ഷത വഹിക്കും.
മലപ്പുറം ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രേണുക ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ചെറിയമുണ്ടം പഞ്ചായത്ത് പ്രസിഡന്റ് ഷംസിയ സുബൈർ, തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി. നസീമ, ജില്ലാ പഞ്ചായത്ത് മെമ്പർ, വി.കെ.എം. ഷാഫി തുടങ്ങിയ ജനപ്രതിനിധികളും മറ്റും പങ്കെടുക്കും. തുടർന്ന് നടക്കുന്ന “ഗസലും ഇശലും” എന്ന സംഗീത വിരുന്നിൽ ഗസൽ ഗായകൻ സുൽത്താൻ പാഷ, ഫിറോസ് ബാബു, ഷാഫി സബ്ക്ക തുടങ്ങിയവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ കോയ പുത്തുതോട്ടിൽ, കുഞ്ഞിപ്പ മുണ്ടേക്കാട്ട്, മുസ്തഫ കുണ്ടിൽ, ഷബീറലി ചാലു പറമ്പിൽ, ഇബ്രാഹിം കുട്ടി ചക്കാലക്കൽ, ഗഫൂർ കാന്തള്ളൂർ പറമ്പിൽ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.


