IELTS, ഒപ്പം വിദേശത്തൊരു ജോലിയും; നോര്‍ക്ക അപേക്ഷ ക്ഷണിച്ച പദ്ധതിയെ കുറിച്ചറിയാം
|
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാഗ്വേജില്‍ (NIFL) ആരംഭിക്കുന്ന പുതിയ IELTS (ഓഫ് ലൈന്‍ & ഓണ്‍ലൈന്‍) ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എല്ലാ പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാകുന്ന നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.
IELTS ഓഫ്‌ലൈന്‍ ബാച്ചുകളുടെ കോഴ്‌സ് ദൈര്‍ഘ്യം 2 മാസവും ഓണ്‍ലൈന്‍ ബാച്ചുകളുടെ കോഴ്‌സ് ദൈര്‍ഘ്യം 1 മാസവുമായിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍. ഓണ്‍ലൈന്‍ ബാച്ച് രാവിലെ 7 മുതല്‍ 9 വരെ അല്ലെങ്കില്‍ വൈകിട്ട് 7 മുതല്‍ 9 വരെയും ആണ്. ഓഫ് ലൈന്‍ ബാച്ച് രാവിലെ 9 മുതല്‍ 11 വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്. മുന്‍കാല IELTS പരീക്ഷയില്‍ ഓവറോള്‍ 6.5 ലഭിച്ചവര്‍ക്ക് മാത്രമായിരിക്കും ഓണ്‍ലൈന്‍ അഡ്മിഷന്‍.
താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നോര്‍ക്ക റൂട്ട്‌സിന്റെയോ, NIFLന്റെയോ വെബ്ബ്‌സൈറ്റുകളായ www.norkaroots.org, www.nifl.norkaroots.org സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഓഫ്‌ലൈന്‍ പഠിക്കുന്ന ബി പി എല്‍, എസ് സി, എസ് ടി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട നഴ്‌സിംഗ് പ്രൊഫെഷനലുകള്‍ക്ക് പഠനം പൂര്‍ണമായും സൗജന്യമായിരിക്കും. ഓഫ്‌ലൈന്‍ പഠിക്കുന്ന എ പി എല്‍ വിഭാഗങ്ങള്‍ക്കും നഴ്‌സിംഗ് ഇതര പ്രൊഫെഷനലുകളില്‍ ഉള്‍പ്പെട്ടവര്‍ക്കും 25% ഫീസ് സബ്‌സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.
ഐ ഇ എല്‍ ടി എസ് ഓണ്‍ലൈന്‍ പഠിക്കാന്‍ താല്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികളും 25% ഫീസ് സബ്‌സിഡി തുകയായ 4425 രൂപ അടയ്‌ക്കേണ്ടതാണ്.
തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ ഐ എഫ് എല്‍ സെന്ററിലാണ് ഓഫ്‌ലൈന്‍ ക്ലാസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +917907323505 എന്ന മൊബൈല്‍ നമ്പറിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
Admissions open for second batch of IELTS course (online & offline) for NURSES commencing very shortly


