തിരുവനന്തപുരം: സംസ്ഥാനത്ത് എഐ കാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്ന് റോഡുകളിൽ വാഹനങ്ങളുടെ വേഗപരിധി പുതുക്കുവാൻ തീരുമാനമായി. ഗതാഗതമന്ത്രി ആൻറണി രാജുവിൻറെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ദേശീയ വിജ്ഞാപനത്തിനനുസൃതമായി വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചത്. ജൂലൈ ഒന്ന് മുതൽ പുതിയ വേഗപരിധി നിലവിൽ വരുമെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു. പുതുക്കിയ വേഗപരിധി ചുവടെ ചേർക്കുന്നു. ബ്രാക്കറ്റിലുള്ളത് നിലവിലുള്ളത് വേഗപരിധി.
|
ഒൻപത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദനീയ വേഗപരിധി: ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 100 (90), മറ്റ് ദേശീയപാത, എംസി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 90 (85)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളിൽ 70 (70), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് .
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങളുടെ വേഗപരിധി: ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ, നാല് വരി ദേശീയ പാതയിൽ 90 (70), മറ്റ് ദേശീയപാത, എംസി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 (65)കിലോമീറ്റർ, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (65), മറ്റു റോഡുകളിൽ 70 (60), നഗര റോഡുകളിൽ 50 (50) കിലോമീറ്റർ എന്നിങ്ങനെയാണ് അനുവദനീയ വേഗപരിധി.
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങളുടെ വേഗപരിധി: ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 (70) കിലോമീറ്ററും മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70 (65) കിലോമീറ്ററും മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 (60) കിലോമീറ്ററും മറ്റ് റോഡുകളിൽ 60 (60) കിലോമീറ്ററും നഗര റോഡുകളിൽ 50 (50) കിലോമീറ്റർ ആയും നിജപ്പെടുത്തും.
സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഗണ്യഭാഗവും ഇരുചക്ര വാഹനങ്ങളായതിനാൽ അവയുടെ പരമാവധി വേഗപരിധി 70 കിലോമീറ്ററിൽ നിന്നും 60 ആയി കുറയ്ക്കും. മുച്ചക്ര വാഹനങ്ങളുടെയും സ്കൂൾ ബസ്സുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.
സംസ്ഥാനത്ത് 2014ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





