18
Sep 2026
Fri
18 Sep 2026 Fri

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരു ഗ്രാം സ്വർണമോതിരം നൽകുന്ന ‘തായ്മാമൻ തങ്ക മോതിരം’ പദ്ധതി മുഖ്യമന്ത്രി വിജയ് സെപ്റ്റംബർ 28ന് ഉദ്ഘാടനം ചെയ്യും.
2026 ജൂൺ 22 മുതൽ സർക്കാർ ആശുപത്രികളിൽ ജനിച്ച കുഞ്ഞുങ്ങൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഇതിനായി ആദ്യഘട്ടത്തിൽ 1.28 ലക്ഷം സ്വർണമോതിരങ്ങൾ സർക്കാർ വാങ്ങിയിട്ടുണ്ട്. ഓരോ മോതിരത്തിനും പ്രത്യേക സീരിയൽ നമ്പറും സുരക്ഷിതമായ പാക്കേജിങ്ങും ഉണ്ടായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുക. PICMEയിൽ രജിസ്റ്റർ ചെയ്ത് RCH തിരിച്ചറിയൽ നമ്പർ നേടിയിരിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ.
ജൂൺ 22 മുതൽ പദ്ധതി ആരംഭിക്കുന്ന ദിവസം വരെ ജനിച്ച കുഞ്ഞുങ്ങൾക്ക് സെപ്റ്റംബർ 28 മുതൽ 107 കേന്ദ്രങ്ങളിലൂടെ മോതിരം വിതരണം ചെയ്യും. തുടർന്ന് സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന അർഹരായ കുഞ്ഞുങ്ങൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ മോതിരം നൽകും.

സർക്കാർ ആരോഗ്യസംവിധാനത്തിലുള്ള ജനവിശ്വാസം ശക്തിപ്പെടുത്താനും ആശുപത്രികളിലെ സുരക്ഷിത പ്രസവം പ്രോത്സാഹിപ്പിക്കാനും തമിഴ് പാരമ്പര്യത്തിലെ തായ്മാമൻ കുഞ്ഞിന് സ്വർണം നൽകുന്ന ആചാരത്തെ പ്രതിഫലിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് സർക്കാർ അറിയിച്ചു.

അതേസമയം, മദുരാന്തകം, ധാരാപുരം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയില്ലെന്നാണ് റിപ്പോർട്ട്.

ALSO READ:പാകിസ്താനിൽ പള്ളിയിൽ ചാവേർ ആക്രമണത്തിൽ 21 മരണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക