11
Nov 2026
Wed
11 Nov 2026 Wed
Young Writers Uncover the Secrets of Crime Fiction at Sharjah Book Fair

ഷാർജ: കുറ്റാന്വേഷണ കഥകൾ എങ്ങനെ എഴുതാമെന്നും കഥാപാത്രങ്ങളെയും സംഭവങ്ങളെയും തെളിവുകളെയും എങ്ങനെ കോർത്തിണക്കി ദുരൂഹത സൃഷ്ടിക്കാമെന്നും കുട്ടികൾക്ക് പരിചയപ്പെടുത്തി എഴുത്തുകാരൻ വസീം ഖാൻ. ഷാർജ രാജ്യാന്തര പുസ്തകമേളയുടെ 45-ാം പതിപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച ത്രില്ലർ ഫെസ്റ്റിവലിൽ ‘ഒരു കുറ്റാന്വേഷണ കഥയുടെ തുടക്കം എങ്ങനെ എഴുതാം’ എന്ന വിഷയത്തിലായിരുന്നു സംവേദനാത്മക സെഷൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടനിലെ ലൈബ്രറിയിൽനിന്ന് ആഴ്ചതോറും പുസ്തകങ്ങൾ വായിക്കാൻ എടുത്തിരുന്ന ബാല്യകാല അനുഭവങ്ങളും എഴുത്തിലേക്കുള്ള തന്റെ യാത്രയും വസീം ഖാൻ കുട്ടികളുമായി പങ്കുവച്ചു. ഇന്ത്യയിലെ ജീവിതാനുഭവങ്ങൾ തന്റെ കുറ്റാന്വേഷണ നോവലുകൾക്ക് പ്രചോദനമായതായും അദ്ദേഹം പറഞ്ഞു. ഒരു കുറ്റാന്വേഷണ കഥ എഴുതുമ്പോൾ ആദ്യം കുറ്റകൃത്യം, അതിന്റെ പശ്ചാത്തലം, സമയം, സ്ഥലം, കുറ്റാന്വേഷകൻ, സംശയിക്കപ്പെടുന്നവർ തുടങ്ങിയവ തീരുമാനിക്കണമെന്നും അദ്ദേഹം വിശദീകരിച്ചു.

കുട്ടികളെ ഉൾപ്പെടുത്തി ഒരു കുറ്റാന്വേഷണ കഥ കൂട്ടായി രൂപപ്പെടുത്തുകയും ചെയ്തു. കുറ്റകൃത്യത്തിന്റെ സ്വഭാവം, ഇരയുടെ വ്യക്തിത്വം, സംഭവസാഹചര്യങ്ങൾ, കുറ്റാന്വേഷകന്റെ കഥാപാത്രം എന്നിവ കുട്ടികൾ തന്നെ നിർദേശിച്ചു. കഥാപാത്രങ്ങളുടെ ബാല്യകാല അനുഭവങ്ങൾ, സാമൂഹിക സാഹചര്യങ്ങൾ, അസൂയ, പ്രതികാരമനോഭാവം തുടങ്ങിയ വികാരങ്ങൾ അവരുടെ പെരുമാറ്റത്തെയും കുറ്റകൃത്യത്തിനുള്ള പ്രേരണകളെയും എങ്ങനെ സ്വാധീനിക്കുമെന്നും ചർച്ച ചെയ്തു. തെളിവുകൾ ശേഖരിക്കുന്നതും വിശകലനം ചെയ്യുന്നതും അവ തമ്മിൽ ബന്ധിപ്പിച്ച് കുറ്റവാളിയെ കണ്ടെത്തുന്നതും കഥയെ യാഥാർഥ്യബോധമുള്ളതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വായനക്കാരെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന ‘റെഡ് ഹെറിങ്’ ഉൾപ്പെടെയുള്ള ആഖ്യാനരീതികളും സെഷനിൽ പരിചയപ്പെടുത്തി. നിരപരാധികളെന്ന് തോന്നുന്ന കഥാപാത്രങ്ങളെ സംശയത്തിന്റെ നിഴലിലാക്കുക, തെളിവുകളിൽ കൃത്രിമം കാണിക്കുക, അപ്രതീക്ഷിത വഴിത്തിരിവുകളും പിന്തുടരൽ രംഗങ്ങളും ഉൾപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളുമായി കുട്ടികളും സജീവമായി പങ്കെടുത്തു. കഥയുടെ യുക്തിയും കഥാപാത്രങ്ങളുടെ പെരുമാറ്റത്തിലെ സ്വാഭാവികതയും നിലനിർത്തിക്കൊണ്ട് ഉദ്വേഗം സൃഷ്ടിക്കുന്നതിന്റെ പ്രാധാന്യവും വസീം ഖാൻ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുറ്റാന്വേഷണ സാഹിത്യകാരെ പങ്കെടുപ്പിച്ച് ഷാർജ പുസ്തകമേളയിൽ സംഘടിപ്പിക്കുന്ന ത്രില്ലർ ഫെസ്റ്റിവൽ ഇത്തരം സംവേദനാത്മക പരിപാടികളിലൂടെ വായനക്കാർക്ക് രചനയുടെ പിന്നാമ്പുറങ്ങൾ പരിചയപ്പെടുത്തുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക