വിവാഹത്തിന് ഒരുക്കങ്ങള്‍ നടക്കവേ എയിംസ് എന്‍ട്രന്‍സ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി പ്രതിശ്രുത വധൂ വരന്മാര്‍.
ഡോ. ജിത്തു ഡൊമിനിക്കും പ്രതിശ്രുത വധു ഡോ. ഷെറിന്‍ ജോസുമാണ് ജീവിത പരീക്ഷയ്ക്ക മുമ്പേ വിജയകരമായി വലിയൊരു കടമ്പ കടന്നത്.
|
ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ എംസിഎച്ച് ഇന്‍ മിനിമല്‍ ആക്‌സസ് സര്‍ജറി കോഴ്‌സിലേക്കുള്ള ഐഎന്‍ഐ എസ്എസ് എന്‍ട്രന്‍സ് പരീക്ഷയിലാണ് ഡോ. ജിത്തുവിന് ഒന്നാം റാങ്ക്. എംസിഎച്ച് ഇന്‍ പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിലേക്കുള്ള ഐഎന്‍ഐ എസ്എസ് എന്‍ട്രന്‍സിലാണ് ഡോ. ഷെറിന്‍ റാങ്ക് നേടിയത്. ജനുവരി 3ന് വിവാഹം നടക്കാനിരിക്കെയാണ് റാങ്ക് നേട്ടമെത്തിയത്. 3 വര്‍ഷത്തെ കോഴ്‌സാണിത്.
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ.ജിത്തു, ഡല്‍ഹി എന്‍ഡിഎംസി മെഡിക്കല്‍ കോളജ് ആന്‍ഡ് ഹിന്ദു റാവു ഹോസ്പിറ്റലില്‍നിന്നു പിജി പൂര്‍ത്തിയാക്കി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ സര്‍ജറി വിഭാഗം സീനിയര്‍ റെസിഡന്റായി ജോലി ചെയ്യുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നാണ് ഡോ.ഷെറിന്‍ എംബിബിഎസ് പൂര്‍ത്തിയാക്കിയത്. മൈസൂര്‍ മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പിജി പൂര്‍ത്തിയാക്കിയശേഷമാണ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് തയാറെടുത്തത്.
ഒരു വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ജൂണില്‍ വിവാഹം നിശ്ചയിച്ചു. പഠനവും തയാറെടുപ്പുകളും പരസ്പര പിന്തുണയോടെയായിരുന്നു. വിഡിയോ കോളിലൂടെ പഠനഭാഗങ്ങള്‍ ചര്‍ച്ച ചെയ്തു പഠിക്കുകയായിരുന്നെന്ന് ഡോ.ജിത്തു പറഞ്ഞു. ഒന്നിച്ചുള്ള പഠനം റാങ്ക് നേട്ടത്തിലേക്കെത്താന്‍ സഹായിച്ചെന്നു ഡോ.ഷെറിന്‍ പറഞ്ഞു.
കാസര്‍കോട് ചിറ്റാരിക്കാല്‍ കിഴക്കേല്‍ ഡൊമിനിക് ചെറിയാന്റെയും മേഴ്‌സി ഡൊമിനിക്കിന്റെയും മകനാണ് ജിത്തു. കണ്ണൂര്‍ പള്ളിക്കുന്ന് ഒറ്റപ്ലാക്കല്‍ ജോസിന്റെയും എല്‍സയുടെയും മകളാണ് ഷെറിന്‍.





