എസ്.ഐ.ആറില്‍ കണ്ടെത്താന്‍ പറ്റാത്തവരെന്ന് വിധിയെഴുതി ബിഎല്‍ഒമാര്‍ വെട്ടിമാറ്റിയവരുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നത്. ബൂത്തടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ച, കണ്ടെത്താനാകാത്തവരുടെ പട്ടികയില്‍ വലിയ പൊരുത്തക്കേടുകളുണ്ട്. സംസ്ഥാനത്താകെ 14.61 ലക്ഷം പേരാണ് ഈ വിഭാഗത്തിലായി പട്ടികക്ക് പുറത്താവുന്നത്.
|
ഒരു ബൂത്തില്‍ പകുതിയോളമാളുകളെ വരെ, കണ്ടെത്താനായില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയതായി കണക്കുകളില്‍ കാണാം. ഇവര്‍ മറ്റേതെങ്കിലും നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ‘ഇരട്ടിപ്പ്’ എന്ന ഭാഗത്താണ് ഈ പേരുകള്‍ വരേണ്ടിയിരുന്നത്.
ഹരിയാനയിലും ബിഹാറിലുമുണ്ടായ ‘വോട്ടുചോരി’യുടെ പശ്ചാത്തലത്തില്‍ ഇത്തരം ഇത്തരം കണക്കുകള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ബി.എല്‍.ഒമാരെ സമ്മര്‍ദം ചെലുത്തി ഡിജിറ്റൈസേഷന്‍ ചെയ്യിപ്പിച്ചതിന്റെയും ടാര്‍ഗറ്റ് നിശ്ചയിച്ചതിന്റെയും പ്രത്യാഘാതമാണിതെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
ALSO READ: എസ്‌ഐആര്‍ കരട് പട്ടിക ഇന്ന്; പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ എന്ത് ചെയ്യണം?
ബി.എല്‍.ഒമാര്‍ ‘അണ്‍ ട്രെയിസബിള്‍’ എന്ന് രേഖപ്പെടുത്തിയാല്‍ അത് അതേപടി അംഗീകരിച്ച് മറ്റ് സ്ഥിരീകരണങ്ങളൊന്നുമില്ലാതെ പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണ്.
ഒരു ബൂത്തില്‍ പകുതിയോളം പേരെ കാണാനില്ല !
തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 138 ല്‍ 704 പേരാണ് കണ്ടെത്താനാകാത്തവര്‍. ഇതില്‍ 592 പേരുടെയും കാരണമായി കമീഷന്‍ പട്ടികയില്‍ ചൂണ്ടിക്കാട്ടുന്നത് ‘അണ്‍ ട്രെയിസബിള്‍’ എന്നാണ്. ആകെ 1200 പേരുള്ള ബൂത്തില്‍ 500 പേരും എങ്ങനെയാണ് കണ്ടെത്താനാകാത്തവരാകുന്നതെന്ന ചോദ്യത്തിന് കൃത്യമായ വിശദീകരണമില്ല.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബൂത്ത് അഞ്ചില്‍ 491 പേര്‍ കണ്ടെത്താനാകാത്തവരായുള്ളതില്‍ 253 പേരും ‘അണ്‍ ട്രെയിസബിള്‍’ ആണ്. നേമം മണ്ഡലത്തിലെ ബൂത്ത് നമ്പര്‍ 135 ല്‍ 183 പേരാണ് ഈ ഇനത്തിലുള്ളത്’. ഇവിടെ ആകെ കണ്ടെത്താനാകാത്തവര്‍ 286 പേരാണ്.
മലയോരത്ത് കൂട്ട ‘താമസം മാറല്‍’!
ഇടുക്കിയില്‍, കണ്ടെത്താനാകാത്തവരുടെ പട്ടികയിലുള്ളവരില്‍ കൂടുതല്‍ പേരുടെ കാരണം ‘സ്ഥിരമായി താമസം മാറിപ്പോയി (പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്) എന്നതാണ്. 2025 ഒക്‌ടോബറിലെ വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന ഇത്രയധികം പേര്‍ സ്ഥിരമായി ഇടുക്കിയിലെ താമസം ഉപേക്ഷിച്ച് എങ്ങോട്ടാണ് പോയത് എന്നത് ചോദ്യമായി അവശേഷിക്കുന്നു.
ദേവികുളം മണ്ഡലത്തിലെ നാലാം ബൂത്തില്‍ കണ്ടെത്താനാകാത്തവരായി ആകെയുള്ളത് 138 പേരാണെങ്കില്‍ ഇതില്‍ 98 ഉം ‘പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്’ ആണ്.
ഇതേ മണ്ഡലത്തില്‍ ഒമ്പതാം ബൂത്തില്‍ ആകെയുള്ള 152 കണ്ടെത്താനാകാത്തവരില്‍ 82 ഉം സ്ഥിരമായി താമസം മാറിയെന്നാണ് കമീഷന്‍ പറയുന്നത്. ഇടുക്കി നിയോജക മണ്ഡലത്തിലെ 131 ാം ബൂത്തില്‍ കണ്ടെത്താനാകാത്തവരില്‍ 77 പേര്‍ ‘പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്’ ആണ്. പീരുമേട് മണ്ഡലത്തിലെ 203 ാം ബൂത്തില്‍ കണ്ടെത്താനാകാത്ത 208 ല്‍ 103 പേരും സ്ഥലം മാറിപ്പോയി.
പൊതുവായുള്ള പരിശോധനയില്‍ കണ്ണൂരിലെ പേരാവൂരിലും (ബൂത്ത്-എട്ട്), മലപ്പുറം മങ്കടയിലും (ബൂത്ത് നമ്പര്‍-6), കോഴിക്കോട് കുറ്റ്യാടിയിലും (ബൂത്ത്-8), കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിലുമെല്ലാം (ബൂത്ത്-7) ഇത് പ്രകടമാണ്.
1.60 ലക്ഷം പേര്‍ ഫോം നിരസിക്കുമോ
സംസ്ഥാനത്താകെ 1.60 ലക്ഷം പേര്‍ ഫോം വാങ്ങാതിരിക്കുകയോ പൂരിപ്പിച്ച് നല്‍കില്ലെന്ന് അറിയിക്കുകയോ ചെയ്തതെന്നാണ് കമീഷന്‍ പറയുന്നത്. ഇത്രയധികം പേര്‍ എന്ത് കാരണം കൊണ്ടാണ് ഫോം നിരസിച്ചതെന്ന സംശയമാണ് ഉയരുന്നത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ബൂത്ത് 154 ല്‍ കണ്ടെത്താനാകാത്തവരായി 347 പേരുള്ളതില്‍ 116 പേരും ഫോം നിരസിച്ചവരാണെന്നാണ് രേഖകളിലുള്ളത്. കൊച്ചിയിലെ ബൂത്ത് നമ്പര്‍ 16 ല്‍ കണ്ടെത്താത്ത 302 വോട്ടര്‍മാരില്‍ 82 ഉം ഫോം നിഷേധിച്ചുവത്രേ.


