പൈലറ്റുമാരുടെയും കാബിന്‍ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയര്‍ ഇന്ത്യ. 60 വര്‍ഷത്തെ എയര്‍ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. പ്രമുഖ ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് പുതിയ യൂണിഫോം രൂപകല്‍പ്പന ചെയ്തത്. എയര്‍ലൈനിലെ കാബിന്‍ ക്രൂ അംഗങ്ങളായ വനിതകള്‍ മോഡേണ്‍ രീതിയിലുള്ള ഓംബ്രെ സാരിയും പുരുഷന്‍മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ക്ക് കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ഒരുക്കിയത്.
|
‘പൈലറ്റിന്റെയും ക്യാബിന്‍ ക്രൂവിന്റെയും പുതിയ യൂണിഫോം ഞങ്ങള്‍ പുറത്തുവിടുന്നു. എയര്‍ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങള്‍. ഇന്ത്യയിലെ പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളില്‍ ചുവപ്പ്, ഡാര്‍ക്ക് പര്‍പ്പിള്‍ (വഴുതനയുടെ നിറം) ഗോള്‍ഡന്‍ എന്നീ നിറങ്ങളാണ് ചേരുന്നത്. ഇവ ആത്മവിശ്വാസമുള്ളതും ഊര്‍ജസ്വലവുമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു’. പുതിയ യൂണിഫോം പങ്കുവച്ച് എയര്‍ലൈന്‍ എക്സില്‍ കുറിച്ചു.
വനിതാ കാബിന്‍ ക്രൂ അംഗങ്ങളുടെ യൂണിഫോമില്‍ ഝരോഖ പാറ്റേണുകളുള്ള റെഡി-ടു-വെയര്‍ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറും ഉള്‍പ്പെടുന്നു. ജീവനക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ റെഡി-ടു-വെയര്‍ സാരികള്‍ പാന്റിനൊപ്പവും ധരിക്കാം. പുരുഷന്‍മാരുടെ സ്യൂട്ടുകളില്‍ ഗോള്‍ഡന്‍ ബട്ടന്‍ നല്‍കിയിട്ടുണ്ട്. വസ്ത്രത്തില്‍ എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയായ വിസ്തയും ചേര്‍ത്തിട്ടുണ്ട്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350 ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക.
എയര്‍ ഇന്ത്യയുടെ യൂണിഫോം രൂപകല്‍പന ചെയ്യാനുള്ള അവസരം ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ഡിസൈനര്‍ മനീഷ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യയുടെ പാരമ്പര്യവും സത്തയും ഉള്‍ക്കൊള്ളുന്ന വസ്ത്രം ഡിസൈന്‍ ചെയ്യാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.





