ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യയുടെ AI 2379 വിമാനം ചൊവ്വാഴ്ച രാവിലെ യാത്രാമധ്യേ ശക്തമായ ആകാശച്ചുഴിയില്‍ പെട്ടു. ഇതിനെ തുടര്‍ന്ന് വിമാനം അപ്രതീക്ഷിതമായി 300 അടിയിലേക്കു താഴ്ന്നതോടെ നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു.
|
17 യാത്രക്കാര്‍ക്കും നാല് വിമാന ജീവനക്കാര്‍ക്കുമാണ് പരിക്കേറ്റത്. വിമാനം പെട്ടെന്ന് 300 അടിയോളം താഴേക്ക് പതിച്ചതോടെ സീറ്റ് ബെല്‍റ്റ് ധരിക്കാതിരുന്ന യാത്രക്കാര്‍ വിമാനത്തിന്റെ മേല്‍ത്തട്ടിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനത്തിനുള്ളില്‍ ബാഗുകളും സാധനസാമഗ്രികളും ചിതറിത്തെറിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പലരുടെയും നിലവിളിയും പ്രാര്‍ത്ഥനകളും കൊണ്ട് വിമാനത്തിനുള്ളില്‍ ഭീതിദമായ അന്തരീക്ഷമാണ് ഉടലെടുത്തത്. സീറ്റ് ബെല്‍റ്റ് സൈന്‍ ഓഫായിരുന്ന സമയത്താണ് അപ്രതീക്ഷിതമായി വലിയ ആഘാതമുണ്ടായതെന്ന് യാത്രക്കാര്‍ പറഞ്ഞു. തങ്ങള്‍ മരണത്തെ മുഖാമുഖം കണ്ടെന്നും, പുനര്‍ജന്മം ലഭിച്ചതുപോലെയാണ് തോന്നുന്നതെന്നും യാത്രക്കാര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
134 യാത്രക്കാരുമായി സര്‍വീസ് നടത്തിയ എയര്‍ബസ് A320 വിമാനം രാവിലെ 11 മണിയോടെ സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങി. വിമാനമിറങ്ങിയ ഉടന്‍ മെഡിക്കല്‍ സംഘത്തെ വിന്യസിച്ച് പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കി.
പ്രാഥമിക പരിക്കേറ്റ യാത്രക്കാരെയും ജീവനക്കാരെയും ഡല്‍ഹി വിമാനത്താവളത്തിലെ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലേക്കും വസന്ത് കുഞ്ചിലെ ഇന്ത്യ സ്‌പൈനല്‍ ഇന്‍ജുറി സെന്ററിലേക്കും കൂടുതല്‍ പരിശോധനയ്ക്കായി മാറ്റി.
സംഭവം സ്ഥിരീകരിച്ച് എയര്‍ ഇന്ത്യ
യാത്രാമധ്യേ ക്രൂയിസ് ഘട്ടത്തില്‍ വിമാനത്തിന് ഹ്രസ്വമായ ടര്‍ബുലന്‍സ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അല്‍പസമയം ഉയരത്തില്‍ വ്യതിയാനം സംഭവിച്ചുവെന്നും, തുടര്‍ന്ന് വിമാനം സുരക്ഷിതമായി ഡല്‍ഹിയില്‍ ഇറങ്ങിയെന്നും എയര്‍ ഇന്ത്യയുടെ വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയതായും, ഗുരുതര പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. ചെറിയ പരിക്കുകളേറ്റവരെ മുന്‍കരുതല്‍ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പ്രസ്താവനയില്‍ പറയുന്നു.
ഫുക്കറ്റില്‍ നിന്ന് രാവിലെ 8.27-ന് പറന്നുയര്‍ന്ന വിമാനം പ്രാദേശിക സമയം 11 മണിയോടെയാണ് ഡല്‍ഹിയിലെത്തിയത്.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എയര്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും, പരിക്കേറ്റവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നുണ്ടെന്നും, സംഭവത്തില്‍ ബന്ധപ്പെട്ട അധികൃതരുമായി പൂര്‍ണമായി സഹകരിച്ച് അന്വേഷണം തുടരുകയാണെന്നും കമ്പനി അറിയിച്ചു.
എന്താണ് ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ്?
വിമാനയാത്രയ്ക്കിടെ സംഭവിക്കുന്ന ക്ലിയര്‍ എയര്‍ ടര്‍ബുലന്‍സ് (Clear Air Turbulence – CAT) മേഘങ്ങളില്ലാത്ത ആകാശത്ത് രൂപപ്പെടുന്ന അദൃശ്യ വായു പ്രക്ഷുബ്ധതയാണ്. ഇത് പൈലറ്റുമാര്‍ക്ക് മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ചിലപ്പോള്‍ വിമാനം പെട്ടെന്ന് ശക്തമായി കുലുങ്ങുകയോ ഉയരത്തില്‍ മാറ്റം സംഭവിക്കുകയോ ചെയ്യാം.
ഇത്തരം സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി, വിമാനയാത്രയ്ക്കിടെ സീറ്റ് ബെല്‍റ്റ് സാധ്യമായിടത്തോളം ധരിച്ചിരിക്കണമെന്ന് വ്യോമയാന വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
Tags:
Air India, Air India Flight, AI 2379, Phuket Delhi Flight, Air India Turbulence, Flight Turbulence, Severe Turbulence, Clear Air Turbulence, Airbus A320, Delhi Airport, Phuket, Delhi, Flight Incident, Passengers Injured, Aviation News, India Aviation, Air Travel, Airline News, Delhi News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





