ബിഗ്ബോസ് താരം അഖില്‍ മാരാര്‍ ട്വന്റി ട്വന്റിയില്‍ ചേരും. ഇന്ന് വൈകിട്ട് കൊച്ചിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ട്വന്റി 20 കോഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് അഖിലിന് ഔദ്യോഗികമായി അംഗത്വം നല്‍കുമെന്നാണ് വിവരം. കൊട്ടാരക്കര സീറ്റില്‍ അഖില്‍ മാരാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.
|
കോണ്‍ഗ്രസുമായി സീറ്റു ചര്‍ച്ചകള്‍ നടത്തിയശേഷമാണ് അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക് ചേരുന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ കേരളത്തിലെ വിവിധ മണ്ഡലങ്ങളില്‍ അഖിലിനെ പ്രചാരണത്തിന് ഇറക്കാനുള്ള സാധ്യത കോണ്‍ഗ്രസും പരിഗണിച്ചിരുന്നുവെന്നാണ് വിവരം.
ALSO READ: സിനിമാ നിര്‍മാതാവ് എന്‍എം ബാദുഷ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചു; ബിജെപിയില്‍ സ്ഥാനാര്‍ഥിയാവുമെന്ന് സൂചന
കൊട്ടാരക്കര സ്വദേശിയായ അഖില്‍ മത്സരിക്കാനുള്ള താല്പര്യം കോണ്‍ഗ്രസ് നേതൃത്വത്തെ നേരത്തേ അറിയിച്ചിരുന്നു. ജയിക്കാന്‍ സാധ്യതയുള്ള സീറ്റ് വേണ്ടെന്നും പാര്‍ട്ടി തോല്‍ക്കുന്ന സീറ്റ് മതിയെന്നുമായിരുന്നു അഖില്‍ പറഞ്ഞിരുന്നത്. നേമം, ധര്‍മടം, ചടയമംഗലം എന്നീ മണ്ഡലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ചടയമംഗലത്ത് പരിഗണിക്കാമെന്ന ഉറപ്പ് ചില നേതാക്കളില്‍ നിന്ന് ലഭിച്ചിരുന്നുവെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പിന്നീട് അനുകൂല നിലപാട് ഇല്ലാതായതോടെയാണ് ട്വന്റി 20യില്‍ ചേരാന്‍ അഖില്‍ തീരുമാനിച്ചത്.
അതേസമയം, ബിജെപിക്കായി സ്വകാര്യ ഏജന്‍സി നടത്തിയ സര്‍വേയില്‍ കൊട്ടാരക്കരയില്‍ അഖില്‍ സ്ഥാനാര്‍ഥിയാകുന്നത് ഉചിതമെന്ന വിലയിരുത്തല്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി അഖിലുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, ബിജെപിയില്‍ നേരിട്ട് അംഗമാകാന്‍ അഖില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെയാണ് സാബു എം. ജേക്കബിന്റെ നേതൃത്വത്തില്‍ ട്വന്റി 20 അഖിലുമായി ചര്‍ച്ചകള്‍ ആരംഭിച്ചത്.





