04
Nov 2026
Wed
04 Nov 2026 Wed
45th Sharjah International Book Fair Opens Today

ലോകത്തെ പ്രമുഖ പുസ്തകമേളകളിലൊന്നായ 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് ഇന്ന്(നവംബർ 4) തുടക്കമായി. എക്സ്പോ സെന്റർ ഷാർജയിൽ നവംബർ 15 വരെ നീളുന്ന മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള എഴുത്തുകാരും പ്രസാധകരും സാഹിത്യപ്രേമികളും ഒത്തുചേരും. ‘മെയ്ഡ് ഓഫ് സ്റ്റോറീസ്’ എന്നതാണ് ഈ വർഷത്തെ പ്രമേയം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

124 രാജ്യങ്ങളിൽനിന്നായി 2,673 പ്രസാധകരും പ്രദർശകരുമാണ് ഇത്തവണ മേളയിൽ പങ്കെടുക്കുന്നത്. 25 രാജ്യങ്ങളിൽനിന്നുള്ള 106 എഴുത്തുകാർ, കലാകാരന്മാർ, ബുദ്ധിജീവികൾ എന്നിവരും മേളയുടെ ഭാഗമാകും. സാംസ്കാരികം, സാഹിത്യം, കല, സർഗാത്മകത തുടങ്ങിയ മേഖലകളിലായി 1,500ലേറെ പരിപാടികളാണ് 12 ദിവസത്തിനിടെ സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ അതിഥി രാജ്യം ഒമാനാണ്. 41 എഴുത്തുകാരും കവികളും ഉൾപ്പെടെ 50 അംഗ സംഘമാണ് ഒമാനെ പ്രതിനിധീകരിക്കുന്നത്. 15 സാംസ്കാരിക ചർച്ചകൾ, കുട്ടികൾക്കായുള്ള ആറ് ശിൽപശാലകൾ, 20 കലാപരിപാടികൾ എന്നിവയും ഒമാന്റെ നേതൃത്വത്തിൽ അരങ്ങേറും.

കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഇത്തവണ പ്രത്യേക ആകർഷണങ്ങളുമുണ്ട്. സന്ദർശകരുടെ വ്യക്തിപരമായ അനുഭവങ്ങൾ അറബിയിലോ ഇംഗ്ലീഷിലോ കവിതകളാക്കി മാറ്റുന്ന ‘പോയറ്റ്സ് കോർണർ’, വിവിധ തൊഴിലുകൾ പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമൊരുക്കുന്ന ‘ഫ്യൂച്ചർ ഹാൻഡ്സ് ഡിസ്ട്രിക്ട്’ എന്നിവയാണ് പുതുമകൾ.

നവംബർ 7 മുതൽ 10 വരെ അഞ്ചാമത് ത്രില്ലർ ഫെസ്റ്റിവലും നടക്കും. കുറ്റാന്വേഷണ സാഹിത്യരംഗത്തെ പ്രമുഖരായ എഴുത്തുകാരും തിരക്കഥാകൃത്തുക്കളും സാഹിത്യ ഏജന്റുമാരും ഇതിൽ പങ്കെടുക്കും. അന്താരാഷ്ട്ര എഴുത്തുകാർക്കൊപ്പം ഇന്ത്യൻ നടിയും എഴുത്തുകാരിയുമായ ഷെനാസ് ട്രഷറിവാലയും മേളയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.

പുസ്തകപ്രേമികൾക്ക് പ്രവേശനം സൗജന്യമാണ്. പൊതുജനങ്ങൾക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. എന്നാൽ ചില ശിൽപശാലകൾക്കും പ്രത്യേക പരിപാടികൾക്കും മുൻകൂർ രജിസ്ട്രേഷൻ ആവശ്യമാണ്.

ഷാർജയിലെ അൽ തആവുൻ സ്ട്രീറ്റിലുള്ള എക്സ്പോ സെന്ററിലാണ് മേള നടക്കുന്നത്. സൗജന്യ ഷട്ടിൽ ബസ് സർവീസുകളും അധിക പാർക്കിങ് സൗകര്യങ്ങളും ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക