08
Jan 2024
Thu
08 Jan 2024 Thu

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌ക്കരിക്കുന്നത് ഈശ്വരനിന്ദ’: ചടങ്ങില്‍നിന്ന് വിട്ടുനില്‍ക്കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിച്ച് NSS

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: അയോധ്യയിലെ ബാബരി പള്ളി നിലനിന്ന സ്ഥാനത്ത് നിര്‍മിച്ച രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എന്‍എസ്എസ് രംഗത്ത്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ പറഞ്ഞു. കോണ്‍ഗ്രസ് ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തീരുമാനം വന്നതിന് പിന്നാലെയാണ് എന്‍എസ്എസ് പരോക്ഷ വിമര്‍ശനവുമായി എത്തിയത്. കോണ്‍ഗ്രസിന്റെ പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.

രാഷ്ട്രീയത്തിന്റെ പേരുപറഞ്ഞ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ ബഹിഷ്‌കരിക്കുന്നത് ഈശ്വരനിന്ദയാണ്. ചടങ്ങിനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ സ്വാര്‍ത്ഥതയ്ക്കും രാഷ്ട്രീയനേട്ടങ്ങള്‍ക്കും വേണ്ടി മാത്രമാണ്. പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കേണ്ടത് ഈശ്വരവിശ്വാസിയുടെ കടമയാണ്. ജാതിയോ മതമോ നോക്കേണ്ടതില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

എന്‍എസ്എസിന്റെ നിലപാട് രാഷ്ട്രീയലക്ഷ്യം വച്ചുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിക്കുവേണ്ടിയോ അല്ലെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് ഇന്ന് ഹൈക്കമാന്‍ഡ് അറിയിച്ചിരുന്നു. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവരാണ് നിരസിച്ചത്. ചടങ്ങ് ആര്‍എസ്എസ്, ബിജെപി പരിപാടിയെന്ന് വ്യക്തമാക്കിയാണ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശാണ് ഇക്കാര്യം വ്യക്തമാക്കിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക