അമൃത്സറിൽ LGBTQ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ മധുസൂദൻ ‘മാഡ്’ സന്ധുവിനെ അജ്ഞാതരായ രണ്ടുപേർ വെടിവെച്ച് കൊലപ്പെടുത്തി. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
സന്ധുവിന് നേരെ രണ്ട് അജ്ഞാതർ വെടിയുതിർത്തതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് സിരിവെന്നേല അറിയിച്ചു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ടുകൊണ്ട് ‘ഗോൾഡി ധില്ലോൺ’ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ പോസ്റ്റും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പരിശോധിക്കുന്നുണ്ട്.
30 വയസ്സായിരുന്നു മാഡ് സന്ധുവിന്. LGBTQ സമൂഹത്തിന്റെ അവകാശങ്ങൾ, മേക്കപ്പ്, ഫാഷൻ, സിനിമ തുടങ്ങിയ വിഷയങ്ങളിൽ സോഷ്യൽ മീഡിയയിലൂടെ സജീവമായിരുന്ന അദ്ദേഹം ഇൻസ്റ്റഗ്രാമിൽ രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സിനെ സ്വന്തമാക്കിയിരുന്നു.
സ്വവർഗാനുരാഗത്തെ പരിഹസിച്ചും അധിക്ഷേപിച്ചും നിരവധി പേർ രംഗത്തെത്തിയപ്പോഴും സന്ധു പലപ്പോഴും അതിന് മറുപടി നൽകിയിരുന്നു. ‘ദൈവം എന്നെ ഇങ്ങനെയാണ് സൃഷ്ടിച്ചത്’ എന്നായിരുന്നു ഇത്തരം വിമർശനങ്ങളോടുള്ള അദ്ദേഹത്തിന്റെ മറുപടി.
2021ലെ ഒരു ‘Josh Talks’ വീഡിയോയിൽ സമൂഹത്തിന്റെ സമ്മർദങ്ങളെക്കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിരുന്നു. നെഗറ്റീവ് കമന്റുകൾ അവഗണിച്ച് പോസിറ്റീവ് കാര്യങ്ങൾ മാത്രം മനസ്സിൽ സൂക്ഷിക്കാറുണ്ടെന്നും, തന്റെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് തനിക്ക് അറിയാമെന്നും സന്ധു പറഞ്ഞിരുന്നു.
പുരുഷാധിപത്യ സ്വഭാവമുള്ള ഒരു സമൂഹത്തിൽ വളർന്നതിന്റെ ബുദ്ധിമുട്ടുകളും അദ്ദേഹം പങ്കുവച്ചിരുന്നു. മറ്റുള്ളവർ സമൂഹത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ച് ജീവിക്കുമ്പോൾ താൻ സ്വന്തം വ്യക്തിത്വത്തെക്കുറിച്ചുള്ള ആശയക്കുഴപ്പത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചില പഞ്ചാബി പോഡ്കാസ്റ്റുകളിലും അദ്ദേഹം പങ്കെടുത്തിരുന്നു. മേക്കപ്പ്, സിനിമ, ജെൻഡർ തുടങ്ങിയ വിഷയങ്ങളിലുള്ള ചില പരിപാടികൾ പിന്നീട് കടുത്ത വാദപ്രതിവാദങ്ങളിലേക്കും പരിഹാസങ്ങളിലേക്കും നീങ്ങിയിരുന്നു. വ്യക്തിജീവിതത്തെക്കുറിച്ച് അവതാരകർ ചോദിച്ചപ്പോൾ അതിനെതിരെ സന്ധു ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു.
സ്റ്റൈലിസ്റ്റായും അസിസ്റ്റന്റ് കോസ്റ്റ്യൂം ഡിസൈനറായും പഞ്ചാബിലും മുംബൈയിലുമായി പ്രവർത്തിച്ചിരുന്ന സന്ധു ചില പഞ്ചാബി സിനിമകളിൽ അഭിനയിക്കുകയും ചെയ്തിരുന്നു. അമൃത്സറിൽ സ്വന്തമായി ഒരു സലൂണും നടത്തിയിരുന്നു.
കുട്ടിക്കാലത്ത് പെൺകുട്ടികൾ ധരിക്കുന്ന വസ്ത്രങ്ങളോട് തനിക്ക് താൽപര്യമുണ്ടായിരുന്നുവെന്നും മേക്കപ്പും ഫാഷൻ മാഗസിനുകളും ഇഷ്ടപ്പെട്ടിരുന്നുവെന്നും അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്. ആ സമയത്ത് അമ്മ നൽകിയ പിന്തുണയും സന്ധു ഓർത്തെടുത്തിരുന്നു.
വർഷങ്ങളായി സോഷ്യൽ മീഡിയയിൽ അധിക്ഷേപങ്ങളും ട്രോളുകളും നേരിട്ടിരുന്ന സന്ധുവിന്റെ കൊലപാതകം വലിയ ചർച്ചയായിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ കാരണം, ഉത്തരവാദിത്തം ഏറ്റെടുത്തതായി അവകാശപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റിന്റെ യാഥാർഥ്യം, പ്രതികളുടെ പങ്ക് എന്നിവയാണ് പൊലീസ് അന്വേഷിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





