9 വയസുകാരിയുടെ വയറ്റിലും ചെറുകുടലിലും നിന്ന് ഏകദേശം 1 കിലോഗ്രാം ഭാരമുള്ള മുടിക്കെട്ട് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. നെയ്യാറ്റിൻകരയ്ക്ക് സമീപമുള്ള NIMS Medicityയിൽ ചികിത്സ തേടിയ കുട്ടിക്ക് തുടർച്ചയായ വയറുവേദനയും ഛർദ്ദിയും അനുഭവപ്പെട്ടിരുന്നു.
അൾട്രാസൗണ്ട്, CT സ്കാൻ പരിശോധനകളിൽ കുടലിൽ ഗുരുതരമായ തടസ്സം കണ്ടെത്തി. തുടർന്ന് നടത്തിയ എൻഡോസ്കോപ്പിയിൽ വയറ്റിലും ചെറുകുടലിലേക്കും നീണ്ടുകിടക്കുന്ന വലിയ മുടിക്കെട്ട് കണ്ടെത്തുകയായിരുന്നു. ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ മുഴുവൻ മുടിക്കെട്ടും നീക്കം ചെയ്തു. തുടർന്ന് കുട്ടി സാധാരണ ഭക്ഷണം കഴിക്കാൻ തുടങ്ങി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു.
|
ഈ അവസ്ഥയെ റാപുൻസൽ സിൻഡ്രോം (Rapunzel Syndrome) എന്നാണ് വിളിക്കുന്നത്. മുടി ആവർത്തിച്ച് പറിച്ചെടുക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുന്ന ട്രൈക്കോഫാജിയ (Trichophagia) എന്ന സ്വഭാവം മൂലം വയറ്റിൽ മുടി ക്രമേണ അടിഞ്ഞുകൂടി കട്ടിയായ പിണ്ഡമായി മാറുന്നതാണ് ട്രൈക്കോബിസോർ (Trichobezoar). ഇത് ചെറുകുടലിലേക്ക് നീണ്ടാൽ റാപുൻസൽ സിൻഡ്രോമായി മാറാം.
മനുഷ്യന്റെ മുടി ദഹിക്കാത്തതിനാൽ കാലക്രമേണ കൂടുതൽ മുടി ഇതിൽ അടിഞ്ഞുകൂടുകയും വലുപ്പം വർധിക്കുകയും ചെയ്യും. ഗുരുതരമായാൽ ഭക്ഷണത്തിന്റെ സഞ്ചാരം തടയുകയും വയറുവേദന, ഛർദ്ദി, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, മലബന്ധം, വയറുവീക്കം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യാം.
ചികിത്സ വൈകിയാൽ കുടൽതടസ്സം, നിർജലീകരണം, പോഷകക്കുറവ്, അൾസർ, രക്തസ്രാവം, കുടൽ സുഷിരം, പെരിറ്റോണൈറ്റിസ് തുടങ്ങിയ ഗുരുതര സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.വലിയ മുടിക്കെട്ടുകൾ സാധാരണയായി ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്യുന്നത്. മുടി പറിച്ചെടുക്കുകയോ വിഴുങ്ങുകയോ ചെയ്യുന്ന സ്വഭാവം തുടരുന്നുണ്ടെങ്കിൽ വീണ്ടും മുടിക്കെട്ട് രൂപപ്പെടാതിരിക്കാൻ മാനസികാരോഗ്യ വിദഗ്ധരുടെ വിലയിരുത്തലും ബിഹേവിയറൽ തെറാപ്പിയും ആവശ്യമായി വരാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





