22
Sep 2022
Sat
22 Sep 2022 Sat

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബിജെപി ആസാദി കാ അമൃത് മഹോൽസവ് എന്ന പേരിൽ സ്വാതന്ത്ര്യദിനാഘോഷപരിപാടികളുമായി രംഗത്ത് വന്നത് അപകർഷതാബോധത്തിന്റെ ഫലമാണെന്ന് പോപുലര് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി അനീസ് അഹ്മദ്. ബ്രിട്ടീഷുകാർക്കെതിരായ സ്വാതന്ത്ര്യസമരത്തിൽ തങ്ങളുടെ ഇല്ലാത്ത പങ്കാളിത്തം പ്രചരിപ്പിക്കാനും മുസ്‌ലിംകളുടെ സമര പങ്കാളിത്തം മറയ്ക്കുന്നതിനും വേണ്ടിയാണ് ഈ നീക്കം. ആർഎസ്എസ് നിലകൊണ്ടത് ഇന്ത്യൻ ദേശീയതയ്ക്ക് വേണ്ടിയല്ല. ഹിന്ദുത്വ ദേശീയതയ്ക്ക് വേണ്ടിയാണ്. ആർഎസ്എസ് ആശയസംഹിതകളിലൊരിടത്തും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളായ ഭഗത് സിങ്, രാജ്ഗുരു, സുഖ്‌ദേവ് തുടങ്ങിയവരെ അനുസ്മരിച്ചിട്ടില്ല. രാജ്യത്തെ ജനങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ ബ്രീട്ടീഷ് അനുകൂലികളെന്ന് ബ്രീട്ടീഷ് സർക്കാർ തന്നെ വിലയിരുത്തിയവരാണ് ആസാദി കാ അമൃത് മഹോത്സവുമായി മുന്നോട്ടുവരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. റിപബ്ലിക്കിനെ രക്ഷിക്കുക’ എന്ന പ്രമേയത്തിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ജനമഹാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനീസ് അഹ്മദ്. 

 

രാജ്യത്തെ പൂർണമായി തകർക്കുന്ന ബിജെപിയുടെ ഹിന്ദുത്വ അജണ്ടകൾക്കെതിരേ മധുരം പുരട്ടിയ വാക്കുകളല്ല, തുറന്നെതിർക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി സർക്കാർ 2014 അധികാരത്തിൽ വന്ന ശേഷം മുസ്‌ലിം സ്വത്വമുള്ള മുഴുവൻ ആളുകളെയും ഉൻമൂലനം ചെയ്യുന്നതായാണ് കണ്ടുവരുന്നത്. എൻഐഎ, ഇഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ ക്രിമിനൽ കുറ്റങ്ങൾ മുഴുവനും ഭീകരവാദ കുറ്റങ്ങളായി പർവതീകരിക്കുകയും മുസ്‌ലിം സംരംഭകരെയടക്കം വേട്ടയാടുകയുമാണ്.

 

ബാങ്കുവിളിയും ഹിജാബും അടക്കം മുസ് ലിം ചിഹ്നങ്ങൾ ഭീകരവൽക്കരിക്കപ്പെടുന്ന ഈ ഘട്ടത്തിൽ സംരക്ഷകരാവുമെന്ന് കരുതുന്ന പ്രതിപക്ഷ മതേതര കക്ഷികൾ, ഹിന്ദുത്വ പ്രീണന നിലപാടാണ് സ്വീകരിക്കുന്നത്. ഇപ്പോഴുള്ള മൗനം ജനങ്ങളെ അടിമത്വത്തിലേക്ക് നയിക്കുമെന്നും അതുകൊണ്ട് ക്രിയാത്മകമായി പ്രതികരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

 

പോപുലർ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ചടങ്ങിൽ അധ്യക്ഷനായിരുന്നു. എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി, എൻഡബ്ല്യുഎഫ് ദേശീയ പ്രസിഡന്റ് ലുബ്‌ന സിറാജ്, മനുഷ്യാവകാശ പ്രവർത്തകൻ എ വാസു, പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അൽ ഹാഫിസ് അഫ്‌സൽ ഖാസിമി, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാൻ, സ്വാഗതസംഘം ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.