20
Dec 2023
Sat
20 Dec 2023 Sat

കാന്താരി മുളകിന് ഗുണങ്ങളേറെ; പക്ഷേ അമിതമാവരുത്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടിയിലും പറമ്പിലും സുലഭമായി ലഭിക്കുന്ന കാന്താരി മലയാളികളുടെ ഭക്ഷ്യ രുചികൂട്ടുകളില്‍ പതിവാണ്. കാന്താരിയുടെ ഔഷധഗുണം മനസ്സിലാക്കി വിപണിയില്‍ ഇതിന് പൊന്നുംവിലയാണ്. കാന്താരി മുളകിന് തനതു ഗുണങ്ങള്‍ നല്‍കുന്ന കാപ്‌സിസിനില്‍ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. ഇതിലടങ്ങിയിരിക്കുന്ന ക്യാപസിസിന്‍ ദഹനപ്രക്രിയ സുഗമമാക്കാനും ഉയര്‍ന്ന കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്നു. പല്ലുവേദന, രക്തസമ്മര്‍ദം,? പൊണ്ണത്തടി എന്നിവ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാനും കാന്താരി മുളക് ഉപയോഗിക്കാം. എന്തായാലും പ്രധാന ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം.

ഹൃദയാരോഗ്യത്തിന് നല്ലത്

കൊളസ്‌ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇന്‍സുലിന്‍ ഉല്‍പാദനത്തിന് കാന്താരി സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാന്‍ കാന്താരിക്ക് സാധിക്കും. ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതെല്ലാം ഹൃദയാരോഗ്യത്തിന് സഹായിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി. അയണ്‍ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കുന്നു.

രക്തസമ്മര്‍ദം കുറയ്ക്കുന്നു
വൈറ്റമിനുകളായ എ, സി, ഇ എന്നിവയാല്‍ സംപുഷ്ടമായ കാന്താരി മുളകില്‍ കാല്‍സ്യം, അയണ്‍, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവയും നല്ലതോതില്‍ അടങ്ങിയിട്ടുണ്ട്. ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയെ കുറയ്ക്കാനും കാന്താരി മുളകിനു സാധിക്കും. പല്ലുവേദനയ്ക്കും രക്തസമ്മര്‍ദം കുറയ്ക്കാനും കാന്താരി സഹായിക്കും. ബാക്ടീരിയ, ഫംഗസ് എന്നിവയെ പ്രതിരോധിക്കാന്‍ കാന്താരിയ്ക്ക് കഴിയുമെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു
കാന്താരി മുളകിന് തനതു ഗുണങ്ങള്‍ നല്‍കുന്ന കാപ്‌സിസിനില്‍ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കാപ്‌സിസിന്‍ ദഹനത്തെ കൂട്ടാനും കൊളസ്‌ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോള്‍ ആയ എല്‍ഡിഎലും ട്രൈഗ്ലിസറൈഡും എച്ച്ഡിഎല്ലില്‍ വ്യത്യാസം വരുത്താതെ കാന്താരി കുറയ്ക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങള്‍ തടയാനും മിതമായ തോതില്‍ കാന്താരി മുളക് ഉപയോഗിക്കാം.

പ്രതിരോധശേഷി കൂട്ടുന്നു
കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുന്നു. കാന്താരി പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും. വേദനസംഹാരി കൂടിയാണ് കാന്താരി.

അമിത ഉപയോഗം പാടില്ല
എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം ത്വക്കില്‍ പുകച്ചില്‍, ചൊറിച്ചില്‍, പെട്ടെന്നുള്ള അമിത വിയര്‍പ്പ്, വായില്‍ പുകച്ചില്‍ വയറില്‍ പലവിധത്തിലുള്ള അസ്വസ്ഥതകള്‍ എന്നിവയ്ക്കും കാരണമാകും. അതേ സമയം കിഡ്‌നിക്കും ലിവറിനും പ്രശ്‌നമുള്ളവരും അള്‍സര്‍ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. ഗര്‍ഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളില്‍ ത്വക്ക് രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടുപിടിച്ചിട്ടുണ്ട്. ഇതു കൂടാതെ രണ്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും കാന്താരിമുളക് നല്കുന്നത് ഒഴിവാക്കണം.