സാന്‍ ജോസ് (യു.എസ്.എ): അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികളെ സുഹൃത്ത് ദാരുണായി കൊലപ്പെടുത്തിയതില്‍ വന്‍ ദുരൂഹത. തൃശൂര്‍ മണ്ണുത്തി മുടിക്കോട് സ്വദേശി അഞ്ചന (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആന്‍ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇരുവരുടെയും സുഹൃത്തും ഒരേ അപാര്ട്ട്ന്റില് താമസക്കാരിയുമായ അനില എന്ന മലയാളി യുവതിയെ സാന്‍ ജോസ് പോലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.
|
വെള്ളിയാഴ്ച ഉച്ചയോടെയാണ് (യു.എസ് സമയം) നാടിനെ നടുക്കിയ സംഭവം നടന്നത്. തൊഴില്‍പരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആന്‍ മേരിയുടെ ബന്ധുക്കള്‍ക്ക് ലഭിച്ച പ്രാഥമിക വിവരം.
ആന്‍ മേരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ അനില ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബ സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ അഞ്ചനയെ കാറിടിപ്പിച്ച് വീഴ്ത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് അഞ്ചനയുടെ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമായിട്ടില്ലെന്ന് അഞ്ചനയുടെ ബന്ധുക്കള്‍ അറിയിച്ചു.
അപ്പാര്‍ട്മെന്റിന്റെ പാര്‍ക്കിങ് സ്ഥലത്ത് അഞ്ജനയെ അനില കാറിടിപ്പിച്ചതിനു ദൃക്സാക്ഷികളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫ്ലാറ്റിനുള്ളില്‍ കുത്തേറ്റു കിടക്കുന്ന നിലയിലായിരുന്നു ആനിന്റെ ശരീരം കാണപ്പെട്ടത്. ഡിക്സണ്‍ ലാന്‍ഡിങ് റോഡില്‍ മില്‍ക്രീക്ക് അപ്പാര്‍ട്മെന്റ്സിലായിരുന്നു മൂന്നു യുവതികളും കുടുംബസമേതം താമസം. മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നെന്നു ബന്ധുക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം ഓണാഘോഷത്തില്‍ ഒന്നിച്ചു പങ്കെടുക്കുകയും തിയറ്ററില്‍ ഒന്നിച്ചു സിനിമ കാണാന്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍, വെള്ളിയാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അപ്പാര്‍ട്മെന്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല നിറത്തിലുള്ള എസ്യുവി ഒരു യുവതിയെ ഇടിച്ചുവീഴ്ത്തിയ ശേഷം കടന്നുകളയുന്നതു ദൃക്സാക്ഷികള്‍ കണ്ടിരുന്നു. വണ്ടിയോടിച്ചതും സ്ത്രീയാണെന്നു താമസക്കാര്‍ മില്‍പീറ്റസ് പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോള്‍ അഞ്ജനയെ സംഭവസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തി. സമീപത്തെ മറ്റൊരു കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ നീല എസ്യുവി മുന്‍ഭാഗം തകര്‍ന്ന നിലയില്‍ കിടക്കുന്നതും പൊലീസ് കണ്ടെത്തി. വണ്ടിയോടിച്ച അനിലയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
അഞ്ജന കൊല്ലപ്പെട്ടതറിഞ്ഞ് ആനിന്റെ ഭര്‍ത്താവ് കോട്ടയം ചിങ്ങവനം പള്ളത്ര വീട്ടില്‍ ജേക്കബ് ഫ്ലാറ്റിലെത്തി നോക്കുമ്പോഴാണ് കുത്തേറ്റു ചോര വാര്‍ന്ന് ആന്‍ മരിച്ചുകിടക്കുന്നതു കാണുന്നത്. പിതാവിന്റെ 70ാം ജന്മദിന ആഘോഷത്തിന് ജൂണ്‍ അവസാന വാരം ആന്‍ മേരി നാട്ടിലെത്തി മടങ്ങിയിരുന്നു. യുഎസിലെ സ്കൂളില്‍ കംപ്യൂട്ടര്‍ അധ്യാപികയാണ്. ആന്‍ട്രീസ (12), അലീസ (5) എന്നിവരാണ് മക്കള്‍.
കഴിഞ്ഞ 10 വര്‍ഷമായി അമേരിക്കയില്‍ കഴിയുന്ന ആന്‍ മേരി എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചന കഴിഞ്ഞ 6 വര്‍ഷമായി കാലിഫോര്‍ണിയയില്‍ അധ്യാപികയായി ജോലി ചെയ്യുകയാണ്. പീച്ചി വില്ലങ്ങന്നൂര് സ്വദേശി വിജീഷാണ് ഭര്‍ത്താവ്.
മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ നോര്‍ക്ക സെക്രട്ടറിക്ക് കൈമാറി വിദേശകാര്യ മന്ത്രാലയം വഴി അടിയന്തര ഇടപെടല്‍ നടത്തുമെന്ന് തൃശൂര്‍ കളക്ടര്‍ ശിഖ സുരേന്ദ്രന് അറിയിച്ചു. യു.എസ് പോലീസില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണെന്ന് ആന്‍സ് മേരിയുടെ ബന്ധുക്കളും വ്യക്തമാക്കി.
Tags: California Malayali Murder, US Crime News, San Jose Police, NORKA Roots, Kerala News Malayalam, USA News Malayalam, NRI News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




