ന്യൂഡൽഹി: കേന്ദ്ര സായുധ പോലീസ് സേന (സിഎപിഎഫ്) കോൺസ്റ്റബിൾ (ജനറൽ ഡ്യൂട്ടി- ജി.ഡി) പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ 13 പ്രാദേശിക ഭാഷകളിൽ നടത്തുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. സേനയിൽ പ്രാദേശിക യുവാക്കളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനും പ്രാദേശിക ഭാഷകളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി അമിത് ഷായെടുത്ത ചരിത്രപരമായ തീരുമാനമാണെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളുടെ നിരന്തര ആവശ്യത്തിനൊടുവിലാണ് ഇക്കാര്യം കേന്ദ്രസർക്കാർ അംഗീകരിച്ചത്.
|
ഹിന്ദിയും ഇംഗ്ലീഷും കൂടാതെ, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നിവ ഉൾപ്പെടുന്ന 13 പ്രാദേശിക ഭാഷകളിലും ചോദ്യപേപ്പർ ലഭ്യമാക്കും. സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി), സശാസ്ത്ര സീമ ബാൽ (എസ്എസ്ബി), നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻഎസ്ജി) എന്നിവയാണ് സിഎപിഎഫിൽ വരുന്നത്.
സിആർപിഎഫ് ഉദ്യോഗസ്ഥരുടെ റിക്രൂട്ട്‌മെന്റ് പ്രക്രിയയിൽ എഴുത്തുപരീക്ഷയ്ക്ക് തമിഴ് ഉൾപ്പെടുത്തണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഷായോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രഖ്യാപനം. സിആർപിഎഫ് റിക്രൂട്ട്‌മെന്റ് എഴുത്തുപരീക്ഷയുടെ വിജ്ഞാപനത്തിൽ ഇംഗ്ലീഷിലും ഹിന്ദിയിലും പരീക്ഷ എഴുതാമെന്ന് മാത്രമാണ് പരാമർശിച്ചിരിക്കുന്നതെന്ന് സ്റ്റാലിൻ തന്റെ കത്തിൽ ചൂണ്ടിക്കാട്ടി.
തീരുമാനത്തെ എം.കെ സ്റ്റാലിൻ സ്വാഗതംചെയ്തു. അമിത് ഷായ്ക്ക് ഞാൻ അയച്ച കത്തിന്റെ ഫലമായി, എല്ലാ സംസ്ഥാന ഭാഷകളിലും പരീക്ഷകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഈ തീരുമാനത്തെ ഞാൻ നിറഞ്ഞഹൃദയത്തോടെ സ്വാഗതം ചെയ്യുകയും എല്ലാ കേന്ദ്രസർക്കാർ പരീക്ഷകളിലും തമിഴിലും മറ്റ് സംസ്ഥാന ഭാഷകളിലും ചോദ്യപേപ്പറുകൾ നൽകണമെന്ന ഞങ്ങളുടെ ആവശ്യം ആവർത്തിക്കുകയും ചെയ്യുന്നു- അദ്ദേഹം ട്വീറ്റ്‌ചെയ്തു.


