29
Oct 2023
Tue
29 Oct 2023 Tue

ന്യൂഡൽഹി: രാജ്യത്തെ 107 എംപിമാർക്കും എംഎൽഎമാർക്കുമെതിരെ വിദ്വേഷ പ്രചരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ട്. നാഷണൽ ഇലക്ഷൻ വാച്ച്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സംയുക്തമായി തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

763 എംപിമാരുടേയും 4005 എംഎൽഎമാരുടേയും കേസുകൾ പരിഗണിച്ചാണ് റിപ്പോർട്ട്. ഇതിൽ ആകെ 33 എംപിമാർക്കും 74 എംഎൽഎമാർക്കും എതിരെയാണ് വിദ്വേഷ പ്രചരണത്തിന് കേസുള്ളത്.

ഉത്തർപ്രദേശിൽ നിന്ന് 16 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 12, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒമ്പത് കേസുകൾ വീതമാണുള്ളത്. മഹാരാഷ്ട്ര എട്ട്, അസം ഏഴ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആറ്, കർണാടക അഞ്ച്, ഡൽഹി, ഝാർഖണ്ഡ്- നാല്, പഞ്ചാബ്, ഉത്തരാഖണ്ഡ്- മൂന്ന്, മധ്യപ്രദേശ്, ത്രിപുര, രാജസ്ഥാൻ, ഒഡീഷ- രണ്ട്, കേരളം- ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ഏറ്റവുമധികം നേതാക്കൾക്കെതിരെ കേസുള്ള രാഷ്ട്രീയ പാർട്ടികളിൽ ബിജെപിയാണ് മുന്നിൽ. 42 കേസുകളാണ് പാർട്ടിയിലെ വിവിധ എംപിമാർക്കും എംഎൽഎമാർക്കും എതിരെയുള്ളത്. കോൺഗ്രസ് 15, ആം ആദ്മി- ഏഴ്, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ദേശീയ പാർട്ടികൾക്കിടയിലെ മറ്റ് കണക്കുകൾ.

പ്രാദേശിക പാർട്ടികളിൽ ഡിഎംകെ, സമാജ്‌വാദി പാർട്ടി, വൈഎസ്ആർസിപി എന്നീ പാർട്ടികൾക്കെതിരെ അഞ്ച് വീതം കേസുകളാണുള്ളത്. ആർജെഡിക്കെതിരെ നാലും തൃണമൂൽ കോൺഗ്രസിനെതിരെ രണ്ട് കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.