പാലക്കാട്: ആചാരത്തിന്റെ പേരിൽ നവ ദമ്പതികളുടെ തലകൾ തമ്മിൽ കൂട്ടിയിടിപ്പിച്ച സംഭവത്തിൽ കേസെടുത്ത് വനിതാ കമ്മീഷൻ, സമൂഹ മാധ്യമങ്ങളിൽ വൈറലായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മീഷൻ, ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൊല്ലങ്കോട് പൊലീസിന് നിർദേശം നൽകി. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
|
പാലക്കാട് പല്ലശ്ശന സ്വദേശിയായ സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശിനിയായ സജ്ലയുടെയും വിവാഹദിനത്തിലെ ആചാരത്തിന്റെ വിഡിയോയാണ് വൈറലായത്. ചടങ്ങിൽ പങ്കെടുത്ത അയൽക്കാരനായ മധ്യവയസ്‌കനാണ് ഇരുവരുടെയും തലമുട്ടിച്ചത്. ഓർക്കാപ്പുറത്ത് തലമുട്ടിയതിന്റെ ആഘാതത്തിൽ യുവതി ഭിത്തിയിലേക്ക് ചേർന്ന് പോയിരുന്നു. പിന്നാലെ വധു വേദന കൊണ്ട് തലയിൽ കൈവെക്കുന്നതും കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പൊകുന്നതും വിഡിയോയിൽ കാണാം.
ഇതിനുശേഷം ഇത്തരം ആചാരങ്ങൾക്കെതിരെ വധൂ വരൻമാർ രംഗത്തുവരികയുണ്ടായി. ഇത്തരം അനുഭവം ഇനി ആർക്കും ഉണ്ടാകാൻ പാടില്ലെന്ന് വധുവും വേദനിപ്പിച്ചുള്ള ആചാരങ്ങളോട് യോജിപ്പില്ലെന്ന് വരനും പ്രതികരിച്ചു. ഇങ്ങനെയൊരു ചടങ്ങുണ്ടെന്നും ചെറുതായി തല മുട്ടുമെന്നും സച്ചിൻ, സജ്ലയോട് പറഞ്ഞിരുന്നു. എന്നാൽ ഇത്രയും ശക്തിയുണ്ടാകുമെന്ന് പ്രതിക്ഷിച്ചില്ലെന്നാണ് സജ്ല പറയുന്നത്. ഈ സാഹചര്യത്തിലാണ് കമ്മീഷന്റെ നടപടി.


