ചെന്നൈ: വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദേശം സ്വീകരിച്ച് വീട്ടില്‍ പ്രസവം നടത്തിയ ദമ്പതികള്‍ക്കെതിരെ കേസ്.(Case filed against couple who gave birth at home on WhatsApp group advice) ‘ഹോം ബര്‍ത്ത് എക്സ്പീരിയന്‍സ്’ എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ നിര്‍ദേശത്തിലാണ് ചെന്നൈ സ്വദേശികളായ ദമ്പതികള്‍ പ്രസവം വീട്ടില്‍ നടത്തിയത്.
|
ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മനോഹരനും ഭാര്യ സുകന്യയുമാണ് തങ്ങളുടെ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയത്. ആയിരത്തിലധികം ആളുകള്‍ അംഗമായ ഗ്രൂപ്പില്‍ നിന്നുള്ള നിര്‍ദേശമനുസരിച്ചാണ് മനോഹരന്‍ പ്രവര്‍ത്തിച്ചത്. അതു പ്രകാരം ഗര്‍ഭിണിയായ സുകന്യയെ അദ്ദേഹം ഡോക്ടറെ കാണിച്ചിരുന്നില്ല.
ആദ്യ രണ്ട് കുഞ്ഞുങ്ങളുടെയും പ്രസവം ആശുപത്രിയിലായിരുന്നു. മൂന്നാമത്തെ പ്രസവത്തില്‍ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് പരിശോധനകള്‍ ഒഴിവാക്കി. ഞായറാഴ്ചയായിരുന്നു സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രൂപ്പിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ മനോഹരന്‍ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.
പ്രദേശത്തെ പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കുന്ദ്രത്തൂര്‍ പൊലീസാണ് ദമ്പതികള്‍ക്കെതിരെ കേസ് എടുത്തത്. മെഡിക്കല്‍ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചാണ് മനോഹരന്‍ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ മനോഹരനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് വാട്‌സ് ആപ്പ് ഗ്രൂപ്പിന്റെ പങ്ക് പുറത്ത് വന്നത്.





