24
Aug 2026
Mon
24 Aug 2026 Mon
CJP announces protest march in Delhi on September 5

നീറ്റ് (NEET-UG) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരുമായി ഉണ്ടാക്കിയ ധാരണകൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) പ്രക്ഷോഭം പുനരാരംഭിക്കുന്നു. സെപ്റ്റംബർ 5-ന് (അധ്യാപക ദിനം) ഡൽഹി ഇന്ത്യ ഗേറ്റിൽ നിന്ന് പുതിയ പൊലീസ് ആസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്ന് ജൂലൈ 25-നാണ് ജന്തർ മന്ദിറിലെ സമരം സി.ജെ.പി താൽക്കാലികമായി അവസാനിപ്പിച്ചിരുന്നത്. എന്നാൽ സർക്കാർ നൽകിയ വാ​ഗ്ദാനങ്ങൾ ഇനിയും പാലിക്കാത്തതിനെ തുടർന്നാണ് പ്രക്ഷോഭം സിജെപി പുനരാരംഭിക്കുന്നത്.

നീറ്റ് വിഷയത്തെ തുടർന്ന് ജീവൻ ഒടുക്കേണ്ടി വന്ന വിദ്യാർഥികളുടെ രക്ഷിതാക്കളും, ജൂലൈ 20-ന് നടന്ന പാർലമെന്റ് മാർച്ചിനിടെ പോലീസ് അതിക്രമത്തിനിരയായ വിദ്യാർഥികളും മാർച്ചിൽ മുൻനിരയിലുണ്ടാകും. സമരക്കാരായ വിദ്യാർഥികൾക്കെതിരെ എടുത്ത എഫ്.ഐ.ആറുകൾ പിൻവലിക്കുക, മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ധാരണകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ടുപോയെന്ന് സി.ജെ.പി ആരോപിച്ചു.

എഫ്.ഐ.ആറുകൾ റദ്ദാക്കുന്നത് പരിഗണിക്കാൻ കേസുകളുടെ പട്ടിക ഹാജരാക്കാൻ ആഗസ്റ്റ് 18-ന് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേന്ദ്രം വ്യക്തമായ മറുപടി നൽകിയില്ലെന്ന് സംഘടന വ്യക്തമാക്കി. സമാധാനപരമായി സമരം പിൻവലിച്ച യുവജനങ്ങളുടെ വിശ്വാസത്തെ സർക്കാർ വഞ്ചിക്കുകയാണെന്നും, ജെന് സി (Gen-Z) തലമുറയോടുള്ള ഈ ചതി അംഗീകരിക്കില്ലെന്നും സി.ജെ.പി വ്യക്തമാക്കി. രാജ്യത്തുടനീളമുള്ള വിദ്യാർഥികളോടും യുവജന സംഘടനകളോടും സെപ്റ്റംബർ 5-ന് ഡൽഹിയിൽ എത്താൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

ALSO READ: ഓണാഘോഷത്തിനിടെ മദ്യപിച്ച പോലീസുകാർ മിന്നൽ പരിശോധനയറിഞ്ഞ് മുങ്ങി; പിന്നാലെ നടപടി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക