01
Nov 2023
Wed
01 Nov 2023 Wed

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കി സര്‍വേ: വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍വരും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന തെലങ്കാനയില്‍ കോണ്‍ഗ്രസിന് ആശ്വാസം നല്‍കി പ്രീ പോള്‍ സര്‍വേ. വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് തെലങ്കാനയില്‍ ആദ്യമായി അധികാരത്തില്‍വരുമെന്നാണ് സര്‍വേ പറയുന്നത്. സംസ്ഥാനത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ ബി.ജെ.പിയും ശ്രമിക്കുന്നതിനാല്‍ കടുത്ത ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ടെങ്കിലും ബിജെപിക്ക് കാര്യമായ മുന്നേറ്റം സൃഷ്ടിക്കാനാകില്ലെന്നും സര്‍വേ പറയുന്നു. 119 സീറ്റുകളുള്ള തെലങ്കാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 69 മുതല്‍ 72 വരെ സീറ്റുകളുമായി വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് ലോക്‌പോള്‍ പ്രീപോള്‍ സര്‍വേയുടെ പ്രവചനം.

ഭരണകക്ഷിയായ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ ബി.ആര്‍.എസിന് 36 മുതല്‍ 39 വരെയും സീറ്റുകള്‍ ലഭിക്കും. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിക്ക് 5 മുതല്‍ ആറുവരെയും സീറ്റുകളും ലഭിക്കുമ്പോള്‍ ബി.ജെ.പിക്ക് പരമാവധി മൂന്നു സീറ്റുകള്‍ വരെയും ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.