14
Sep 2024
Fri
14 Sep 2024 Fri

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: നിയമസഭാതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയില്‍ കോണ്‍ഗ്രസും സി.പി.എമ്മും സഖ്യത്തില്‍. ധാരണപ്രകാരം കോണ്‍ഗ്രസ് ഭിവാനി സീറ്റ് സി.പി.എമ്മിന് വിട്ടുകൊടുത്തു. ഓം പ്രകാശ് ആണ് ഇവിടെ സി.പി.എം സ്ഥാനാര്‍ഥി. കര്‍ഷകസംഘടനകള്‍ക്ക് വലിയ സ്വാധീനമുള്ള ഇവിടെ സി.പി.എമ്മിന്റെ ശക്തികേന്ദ്രമായാണ് അറിയപ്പെടുന്നത്.
ഹരിയാനയില്‍ ആകെയുള്ള 90ല്‍ 89 സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. നേരത്തെ എ.എ.പിയുമായി സഖ്യനീക്കം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. സി.പി.ഐയുമായുള്ള സഖ്യചര്‍ച്ചകളും പരാജയപ്പെട്ടതിനാല്‍ അവരും തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുക. അടുത്തമാസം അഞ്ചിനാണ് ഹരിയാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെകട്ടറി കെ.സി വേണുഗോപാലും സി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി. രാജയും തമ്മില്‍ ചര്‍ച്ചനടത്തിയെങ്കിലും വിജയിച്ചില്ല. അഞ്ചുസീറ്റുകളാണ് സി.പി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഒരുസീറ്റ് നല്‍കാമെന്നേറ്റെങ്കിലും സിപിഐ തൃപ്തിപ്പെട്ടില്ല.

ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടിക നേരത്തെ പൂര്‍ണമായും പ്രഖ്യാപിച്ചിരുന്നു. ബലാത്സംഗ, കൊലപാതകക്കേസ് പ്രതിയായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിന് പരോള്‍ അനുവദിച്ച ജയില്‍ ഓഫിസര്‍ സുനില്‍ സാങ്‌വാനും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. 2019ല്‍ സ്വതന്ത്രനായി വിജയിച്ച മുന്‍ ബി.ജെ.പി നേതാവ് സോംവീര്‍ സാങ്‌വാന്റെ ദാദ്രി മണ്ഡലത്തില്‍ ആണ് സുനിലിനെ ബി.ജെ.പി സ്ഥാനാര്‍ഥിയാക്കിയത്. സോംവീറിനെയാകും കോണ്‍ഗ്രസ് ദാദ്രിയില്‍ മത്സരിപ്പിക്കുക.

ഹരിയാനയിലെ ഗുരുഗ്രാം ജില്ലാ ജയില്‍ സൂപ്രണ്ടായിരുന്ന സുനില്‍ സാങ്‌വാന്‍ കഴിഞ്ഞയാഴ്ചയാണ് സ്ഥാനം രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. രോഹ്തക്കിലെ സുനാരിയ ജയില്‍ സൂപ്രണ്ടായിരിക്കവെയാണ് ഇയാള്‍ റാം റഹീം സിങ്ങിന് തുടര്‍ച്ചയായി പരോള്‍ അനുവദിച്ചത്. ആറ് തവണയാണ് സുനിലിന്റെ ഇടപെടലില്‍ റാം റഹീം സിങ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഹരിയാനയിലെ മുന്‍മന്ത്രി സത്പാല്‍ സാങ്‌വാന്റെ മകനാണ് സുനില്‍ സാങ്‌വാന്‍. സത്പാല്‍ സാങ്‌വാന്‍ രണ്ടുമാസം മുമ്പാണ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയത്. ബി.ജെ.പിയില്‍ അംഗത്വമെടുക്കുന്നതിന് മുന്നോടിയായി ഗുരുഗ്രാം ജില്ലാ ജയില്‍ സൂപ്രണ്ട് തസ്തികയില്‍ നിന്ന് സ്വമേധയാ വിരമിക്കാനുള്ള ഇയാളുടെ അപേക്ഷ അംഗീകരിക്കുന്ന നടപടികള്‍ ഞായറാഴ്ച അവധിദിനമായിട്ടും തീര്‍പ്പായത് വിവാദമായിരുന്നു.

CPM and Congress in alliance in Haryana; CPI is out

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക