ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന ആഡംബര വാഹനങ്ങളില്‍ മയക്കുമരുന്നും സ്വര്‍ണവും കടത്തിയെന്നു സംശയിക്കുന്നതായി കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ ഡോ. ടി ടിജു. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ റെയ്ഡിനെക്കുറിച്ചു വിശദീകരിക്കുന്നതിനായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു കമ്മീഷണറുടെ ആരോപണം. വാര്‍ത്താസമ്മേളനം പുരോഗമിക്കവെ അദ്ദേഹത്തിന് ഉന്നത ഉദ്യോഗസ്ഥന്റെ ഫോണ്‍ കോള്‍ വരികയും ഇതിനു മറുപടി പറഞ്ഞയുടന്‍ വാര്‍ത്താസമ്മേളനം പൊടുന്നനെ അവസാനിപ്പിച്ച് കമ്മീഷണര്‍ മടങ്ങുകയും ചെയ്തു.
|
ഇന്നു നടത്തിയ റെയ്ഡിന്റെ ഭാഗമായി 36 വണ്ടികള്‍ പിടിച്ചെടുത്തതായി കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. ഭൂട്ടാനില്‍ നിന്ന് പാര്‍ട്‌സുകളായോ കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ചോ വാഹനങ്ങള്‍ ഇന്ത്യയിലെത്തിച്ച ശേഷം വ്യാജ രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രേഷന്‍ നടത്തിയെന്നും ഇന്ത്യന്‍ എംബസിയുടെ അടക്കം വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും ടിജു പറഞ്ഞു. പരിവാഹന്‍ സൈറ്റില്‍ പോലും കൃത്രിമത്വം കാട്ടി. ഭൂട്ടാനില്‍ നിന്ന് വാഹനങ്ങള്‍ കടത്തുന്നതിന്റെ മറവില്‍ മയക്കുമരുന്ന്, സ്വര്‍ണ കടത്ത് സംശയമുണ്ട്. അനധികൃതമായ സാമ്പത്തിക ഇടപാടുകള്‍ ആയിരുന്നു നടന്നത്. വാഹനം വാങ്ങിച്ചതിന്റെ രേഖകള്‍ പോലും ഇല്ല. വന്‍ ജിഎസ് ടി വെട്ടിപ്പാണ് നടന്നത്. കേരളത്തിലെ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പുറത്തുള്ളവരുടെ പേരുകളില്‍. തീവ്രവാദ ബന്ധവും പരിശോധിക്കുന്നുണ്ടെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്തതായി രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് സമന്‍സ് അയച്ചതായും അദ്ദേഹം പറഞ്ഞു. അമിത് ചക്കാലയ്ക്കലിന്റെ വാഹനങ്ങളും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നുണ്ട്. ഉടമകളുടെ റോള്‍ എന്താണെന്ന് അനുസരിച്ചായിരിക്കും നടപടി. കസ്റ്റംസ് നിയമം അനുസരിച്ച് മാത്രമേ അറസ്റ്റിന്റെ കാര്യത്തില്‍ പറയാന്‍ കഴിയൂ. പിഴ ഒടുക്കി കേസ് അവസാനിപ്പിക്കാന്‍ കഴിയില്ല. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ് സംഘത്തിന്റെ പ്രവര്‍ത്തനം. നിയമവിരുദ്ധമായി കടത്തിയ വാഹനങ്ങളാണ് പിടിച്ചെടുത്തതെന്നും ടിജു പറഞ്ഞു. പൃഥ്വിരാജിന്റെ വണ്ടികള്‍ പിടിച്ചെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരിവാഹന്‍ സൈറ്റില്‍ പോലും കൃത്രിമത്വം നടത്തിയിട്ടുണ്ടെന്നും അതിര്‍ത്തി വഴി മയക്കുമരുന്നും സ്വര്‍ണവും കടത്തിയെന്നും സംശയിക്കുന്നുവെന്നുമുള്ള കമ്മീഷണറുടെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ തന്നെ പ്രതിക്കൂട്ടിലാക്കുന്നതാണെന്ന് സാമൂഹികമാധ്യമങ്ങളില്‍ നിരവധിപ്പേര്‍ വിമര്‍ശിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





