ഡല്‍ഹി വസന്ത് കുഞ്ജിലെ ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റ് ഡയറക്ടര്‍ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ 17 പെണ്‍കുട്ടികള്‍ നല്‍കിയ ലൈംഗിക അതിക്രമ പരാതിയില് കേസെടുത്തെങ്കിലും ഒളിവില്‍ പോയ പ്രതിയെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞില്ല. ചൈതന്യാനന്ദയുടെ ആഡംബര കാര്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത കാറില്‍ പ്രതി പെണ്‍കുട്ടികളെ ഋഷികേശിലേക്ക് കൊണ്ടുപോയിരുന്നതായി സൂചന. വ്യാജ ഡിപ്ലോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച മറ്റൊരു കാര്‍ നേരത്തെ പോലീസ് പിടികൂടിയിരുന്നു. പ്രതി പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ മുറിയില്‍ സിസിടിവി കാമറ സ്ഥാപിച്ചിരുന്നുവെന്നും ഇതിലെ ദൃശ്യങ്ങള്‍ ഇയാളുടെ ഫോണില്‍ ലഭ്യമായിരുന്നുവെന്നും പരാതിക്കാരായ പെണ്‍കുട്ടികള്‍ പോലീസിനു മൊഴി നല്‍കി.
|
ആശ്രമത്തിലെ പിജി ഡിപ്ലോമ വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. ആഗസ്റ്റ് നാലിനാണ് സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ വസന്ത്കുഞ്ജ് പോലീസിന് മുന്‍പില്‍ പരാതി എത്തുന്നത്. വിദ്യാര്‍ഥിനികള്‍ ഡയറക്ടര്‍ക്കെതിരേ അഡ്മിനിസ്‌ട്രേറ്ററോട് പരാതി പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീ ശാര്‍ദ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭരണ സമിതിയിലുള്ള ഒരാള്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് 32 വിദ്യാര്‍ഥിനികളുടെ മൊഴിയെടുക്കുകയും ഇതില്‍ 17 പേര്‍ ഡയറക്ടര്‍ക്കെതിരെ മൊഴി നല്‍കുകയുമായിരുന്നു.
സ്വാമി ചൈതന്യാനന്ദ സരസ്വതി തങ്ങളെ മോശമായ രീതിയില്‍ സ്പര്‍ശിച്ചു, വാട്‌സ് ആപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചു എന്നെല്ലാമാണ് വിദ്യാര്‍ഥിനികള്‍ മൊഴി നല്‍കിയത്.
സ്വാമി ചൈതന്യാനന്ദ സരസ്വതി ആവശ്യപ്പെടുന്നതു പോലെ ചെയ്യാന്‍ മൂന്ന് വനിതാ ജീവനക്കാരും അഡ്മിനിസ്‌ട്രേറ്ററും തങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി എന്നും മൊഴിയില്‍ പറയുന്നു. പോലീസ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തി പരിശോധന നടത്തി. നേരത്തെ സ്വാമി പാര്‍ത്ഥസാരഥി എന്ന് അറിയപ്പെട്ടിരുന്ന സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ 2009ലും 2016ലും ലൈംഗികാതിക്രമ പരാതി ഉയര്‍ന്നിരുന്നു. ഒഡീഷ സ്വദേശിയായ ഇയാള്‍ 12 വര്‍ഷമായി ഈ ആശ്രമത്തിലാണ് താമസം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





