ന്യൂയോര്‍ക്ക്: നീലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരന്‍. (Donald Trump-Stormy Daniels hush money case )പണം നല്‍കിയ കാര്യം മറച്ചുവയ്ക്കാന്‍ ബിസിനസ് രേഖകളില്‍ കൃത്രിമം വരുത്തിയെന്നതാണ് കേസ്.ജൂലൈ 11ന് ശിക്ഷ വിധിക്കും.
|
ട്രംപിനെതിരായ 34 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചു. നാലു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കേസാണിത്. എന്നാല്‍, മുന്‍ പ്രസിഡന്റ് ആയതിനാല്‍ ട്രംപിന്റെ ശിക്ഷ പിഴയില്‍ ഒതുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം പുറത്തു വരാതിരിക്കാന്‍ 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് 1,30,000 ഡോളര്‍ ട്രംപ് നല്‍കി. ട്രംപിന്റെ മുന്‍ അഭിഭാഷകന്‍ മൈക്കല്‍ കോഹന്‍ വഴിയാണ് പണം നല്‍കിയത്. നിയമ വ്യവഹാരത്തിനുള്ള ചെലവ് എന്ന കണക്കില്‍ പെടുത്തിയാണ് കോഹന് ട്രംപ് പണം നല്‍കിയത്. ഇതിന് വേണ്ടി രേഖകളില്‍ കൃത്രിമം കാണിച്ചെന്ന് ഉള്‍പ്പെടെയുള്ള വകുപ്പുകളും വഞ്ചനാ കുറ്റങ്ങളുമാണ് ട്രംപിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് നല്‍കിയ ഹരജി നേരത്തെ ന്യൂയോര്‍ക്ക് കോടതി തള്ളിയിരുന്നു. കേസില്‍ മാര്‍ച്ച് 25നാണ് വിചാരണ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലെത്തി ട്രംപ് അറസ്റ്റ് വരിച്ചിരുന്നു. യു.എസില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നതും അറസ്റ്റിലാകുന്നതും.
രോഷാകുലനായാണ് വിധി കേട്ട ശേഷം ട്രംപ് കോടതി മുറിയില്‍ നിന്ന് പുറത്തേക്ക് വന്നത്. വിചാരണ അട്ടിമറിക്കപ്പെട്ടതായും യഥാര്‍ത്ഥ വിധി നവംബര്‍ 5ന് ജനങ്ങള്‍ നല്‍കുമെന്നും ട്രംപ് പ്രതികരിച്ചു. യു.എസില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ അഞ്ച് മാസം മാത്രം ബാക്കിനില്‍ക്കെയാണ് ട്രംപിനെതിരെ കോടതി വിധി. നവംബര്‍ അഞ്ചിനാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





