07
Nov 2026
Sat
07 Nov 2026 Sat
From fabric to furry friends, children make their own cuddly cats at SIBF 2026

ഷാർജ: സ്വന്തം കൈകളാൽ നിർമിച്ച മൃദുവായ പൂച്ചപ്പാവകളെ കൂട്ടുകാരാക്കി കുട്ടികൾ. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ (SIBF 2026) ഭാഗമായി സംഘടിപ്പിച്ച ‘വെയ്റ്റഡ് ഹഗ് ബഡി: ബിൽഡ് യുവർ ഓൺ കംഫർട്ട് ക്രിയേച്ചർ’ എന്ന ശിൽപശാലയാണ് കുട്ടികൾക്ക് സർഗാത്മകവും കൗതുകകരവുമായ അനുഭവം സമ്മാനിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എട്ട് മുതൽ പത്ത് വയസ്സുവരെയുള്ള 20-ലധികം കുട്ടികൾ ശിൽപശാലയിൽ പങ്കെടുത്തു. ഭാരം ക്രമീകരിച്ച മൃദുവായ കളിപ്പാട്ടങ്ങൾ സ്വന്തമായി നിർമിക്കുകയായിരുന്നു ലക്ഷ്യം. മുൻകൂട്ടി തുന്നിയെടുത്ത മൃഗങ്ങളുടെ ആകൃതിയിലുള്ള തുണിസഞ്ചികളിൽ പ്ലാസ്റ്റിക് തരികൾ നിറച്ച് ആവശ്യമായ ഭാരം ക്രമീകരിച്ചാണ് കുട്ടികൾ പാവകൾ തയ്യാറാക്കിയത്.

ഭാരമുള്ള പുതപ്പുകൾ നൽകുന്ന ആശ്വാസത്തിന് സമാനമായി, ശരീരത്തിന് അനുഭവപ്പെടുന്ന മിതമായ ഭാരം നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കുമെന്നതിനെക്കുറിച്ചും കുട്ടികൾക്ക് പരിചയപ്പെടുത്തി. നിറമുള്ള പൂച്ചയുടെ ആകൃതിയിലുള്ള തുണിസഞ്ചികളിൽ പ്ലാസ്റ്റിക് തരികൾ നിറച്ച് അടച്ചശേഷം അവ കൈകളിൽ അമർത്തിയും തൊട്ടുനോക്കിയും കുട്ടികൾ സ്വന്തം ഇഷ്ടത്തിനനുസരിച്ചുള്ള പാവകൾ ഒരുക്കി.

പാവ നിർമാണത്തിനിടെ വിവിധതരം വസ്തുക്കളുടെ സ്പർശനാനുഭവങ്ങളും കുട്ടികൾക്ക് പരിചയപ്പെടാനായി. കൈകൾ ഉപയോഗിച്ച് എന്തെങ്കിലും നിർമിക്കാൻ കുട്ടികൾക്ക് ഏറെ താൽപര്യമാണെന്നും അവരുടെ സർഗാത്മകമായ ആഗ്രഹങ്ങൾക്ക് ഈ പ്രവർത്തനം അവസരമൊരുക്കുന്നുവെന്നും ശിൽപശാലയിൽ സഹകരിച്ച ഫാത്തിമ പറഞ്ഞു. നിർമാണം പൂർത്തിയാകുമ്പോൾ ആശ്വാസം പകരുന്ന ഒരു കളിപ്പാട്ടവും കുട്ടികൾക്ക് സ്വന്തമാകുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

കുട്ടികളിൽ കരകൗശല പ്രവർത്തനങ്ങളോടുള്ള താൽപര്യം വളർത്തുന്നതിനൊപ്പം പരസ്പരമുള്ള ആരോഗ്യകരമായ ഇടപെടലുകൾക്ക് അവസരമൊരുക്കുകയുമാണ് ശിൽപശാലയുടെ ലക്ഷ്യമെന്ന് സംഘാടകരിലൊരാളായ മെർണി വ്യക്തമാക്കി. സ്വന്തം സമയത്ത് ഇത്തരം സർഗാത്മക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ശിൽപശാല അവസാനിച്ചപ്പോൾ ഓരോ കുട്ടിക്കും സ്വന്തമായി നിർമിച്ച പൂച്ചയുടെ ആകൃതിയിലുള്ള മൃദുവായ പാവ വീട്ടിലേക്ക് കൊണ്ടുപോകാനായി. കളിപ്പാട്ട നിർമാണത്തിനൊപ്പം വിവിധ വസ്തുക്കൾ പരീക്ഷിക്കാനും മറ്റു കുട്ടികളുമായി സൗഹൃദം പങ്കിടാനും പരിപാടി അവസരമൊരുക്കി.

ഷാർജ ബുക്ക് അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകമേളയിൽ 126 രാജ്യങ്ങളിൽ നിന്നായി 3,212 പ്രസാധകരും പ്രദർശകരുമാണ് പങ്കെടുക്കുന്നത്. 17 ലക്ഷത്തിലധികം പുസ്തകങ്ങൾ പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്. 12 ദിവസം നീളുന്ന മേളയിൽ സാഹിത്യചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, ശിൽപശാലകൾ, നാടകാവതരണങ്ങൾ, ത്രില്ലർ ഫെസ്റ്റിവൽ, കുക്കറി കോർണർ തുടങ്ങി 1,500 സാംസ്കാരിക, സർഗാത്മക, കലാപരിപാടികളും അരങ്ങേറുന്നുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക