മെട്രോ സ്റ്റേഷനുകളിൽ നിന്ന് താമസമേഖലകളിലേക്കും വാണിജ്യ കേന്ദ്രങ്ങളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രക്കാർക്ക് നേരിട്ട് എത്താൻ ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകൾ അവതരിപ്പിക്കാൻ ദുബൈ. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) ഗ്ലൈഡ്‌വേയ്‌സ് പദ്ധതിയുടെ ഭാഗമായാണ് പുതിയ ഗതാഗത സംവിധാനം പരിഗണിക്കുന്നത്.
|
പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 11 ഞായറാഴ്ച ബ്ലൂവാട്ടേഴ്‌സിൽ ഗ്ലൈഡ്‌വേയ്‌സ് ഓട്ടോമേറ്റഡ് ഗതാഗത സംവിധാനത്തിന്റെ നാലാഴ്ചത്തെ പരീക്ഷണയോട്ടം ആർടിഎ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചെറു ഇലക്ട്രിക് പോഡുകളാണ് സംവിധാനത്തിലുള്ളത്. സാധാരണ റോഡ് ഗതാഗതത്തിൽ നിന്ന് വേർതിരിച്ച പ്രത്യേക പാതകളിലൂടെയാണ് ഇവ സഞ്ചരിക്കുക.
മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് സ്റ്റേഷനിൽ നിന്ന് അന്തിമ ലക്ഷ്യസ്ഥാനത്തേക്ക് എളുപ്പത്തിൽ എത്താനുള്ള സൗകര്യമൊരുക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മെട്രോയിൽ നിന്ന് ഇറങ്ങിയാൽ ടാക്സിയെയോ സ്വകാര്യ വാഹനത്തെയോ ആശ്രയിക്കാതെ ഡ്രൈവറില്ലാ പോഡിൽ നേരിട്ട് ലക്ഷ്യസ്ഥാനത്തെത്താൻ ഇതിലൂടെ സാധിച്ചേക്കും.
പരിഗണനയിലുള്ള റൂട്ടുകൾ
ആർടിഎയുടെ പ്രസ്താവന പ്രകാരം താഴെപ്പറയുന്ന മേഖലകളിലേക്കുള്ള കണക്റ്റിവിറ്റിയാണ് പഠനവിധേയമാക്കുന്നത്:
നാഷണൽ പെയിന്റ്‌സ് മെട്രോ സ്റ്റേഷൻ മുതൽ ബ്ലൂവാട്ടേഴ്‌സ് വരെ 2.8 കിലോമീറ്റർ ദൈർഘ്യമുള്ള പാത.
ജുമൈറ വില്ലേജ് സർക്കിൾ.
ദുബായ് ഫെസ്റ്റിവൽ സിറ്റി.
ബിസിനസ് ബേ.
മുഹമ്മദ് ബിൻ റാഷിദ് സിറ്റി.
നിശ്ചിത സമയക്രമത്തിൽ ഒന്നിലധികം സ്റ്റോപ്പുകളിൽ നിർത്തുന്ന സാധാരണ ബസുകളിൽ നിന്ന് വ്യത്യസ്തമായി, യാത്രക്കാരെ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്ന് ലക്ഷ്യസ്ഥാനത്തേക്ക് നേരിട്ട് എത്തിക്കുകയാണ് ഗ്ലൈഡ്‌വേയ്‌സ് സംവിധാനത്തിന്റെ പ്രത്യേകത.
ഗതാഗതക്കുരുക്കിന് പരിഹാരമാകുമോ?
നിലവിലുള്ള പൊതുഗതാഗത ശൃംഖലയുമായി പുതിയ സംവിധാനം എങ്ങനെ സംയോജിപ്പിക്കാമെന്ന് ബ്ലൂവാട്ടേഴ്‌സിലെ പരീക്ഷണയോട്ടത്തിലൂടെ വിലയിരുത്തുമെന്ന് ആർടിഎ ഡയറക്ടർ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. സുരക്ഷിതവും വിശ്വസനീയവുമായ യാത്ര ഉറപ്പാക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളിൽ നിന്ന് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കും.
ഭൂനിരപ്പിലോ ഉയർത്തിയ പാതകളിലോ പ്രത്യേക ഗൈഡ്‌വേകൾ നിർമിക്കാനാകും. പരമ്പരാഗത റോഡുകളോ റെയിൽ സംവിധാനങ്ങളോ ഒരുക്കാൻ പ്രയാസമുള്ള മേഖലകളിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.
പരീക്ഷണങ്ങൾ വിജയകരമായാൽ അടുത്ത രണ്ടുമുതൽ മൂന്നുവർഷത്തിനുള്ളിൽ ദുബായിലെ മറ്റ് മേഖലകളിലേക്കും സംവിധാനം വ്യാപിപ്പിക്കാനാകുമെന്ന പ്രതീക്ഷ ആർടിഎയുടെ പൊതുഗതാഗത ഏജൻസി സിഇഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാൻ നേരത്തെ പങ്കുവച്ചിരുന്നു.
പാർക്കിങ് കേന്ദ്രങ്ങളും മൊബിലിറ്റി ഹബ്ബുകളാകും
ഗ്ലൈഡ്‌വേയ്‌സ് സംവിധാനത്തെ ദുബായിലെ ഗതാഗത ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള മറ്റൊരു പദ്ധതിയും നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലിൽ പാർക്കിങ് സേവനദാതാക്കളായ പാർക്കിൻ, ഗ്ലൈഡ്‌വേയ്‌സുമായി സഹകരിച്ച് തിരഞ്ഞെടുത്ത പാർക്കിങ് കേന്ദ്രങ്ങളെ മൊബിലിറ്റി ഹബ്ബുകളാക്കി മാറ്റാനുള്ള പദ്ധതി പ്രഖ്യാപിച്ചു.
ഇതിലൂടെ വാഹനങ്ങൾ പാർക്ക് ചെയ്ത ശേഷം ഡ്രൈവറില്ലാ ഇലക്ട്രിക് പോഡുകളിൽ യാത്ര തുടരാൻ സാധിക്കും. പാർക്കിങ് സൗകര്യങ്ങളും തുടർയാത്രയും ഒരുമിച്ച് ആസൂത്രണം ചെയ്യാനും ബുക്ക് ചെയ്യാനും കഴിയുന്ന രീതിയിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സംയോജിപ്പിക്കാനും പദ്ധതിയുണ്ട്.
പദ്ധതി വിജയകരമായി നടപ്പാക്കിയാൽ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ദുബായിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും പൊതുഗതാഗതം കൂടുതൽ സൗകര്യപ്രദമാക്കാനും സാധിച്ചേക്കും.
ALSO READ: തിങ്കളാഴ്ച സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാർച്ച്; ചീഫ് ജസ്റ്റിസിനെ കാണും
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





