18
Feb 2026
Wed
18 Feb 2026 Wed
actor jayasurya

ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരെ നടപടിയെടുത്ത് ഇ.ഡി. ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ മരവിപ്പിച്ചു. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സ് ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്നാണ് കേസ്. കേസില്‍ സ്ഥാപന ഉടമയായ തൃശൂര്‍ സ്വദേശി സാദിഖ് റഹീമിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേസില്‍ രണ്ടുതവണ ജയസൂര്യയെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. ‘സേവ് ബോക്‌സ്’ ലേല ആപ്പിനെ സാധാരണക്കാര്‍ക്കിടയില്‍ പ്രമോട്ട് ചെയ്യുന്ന തരത്തില്‍ അഭിനയിച്ചെന്ന ആരോപണം. നിക്ഷേപത്തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യ ഒരുകോടിയോളം രൂപ കൈപ്പറ്റിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതി സാദിഖ് റഹീമിന്റെ അക്കൗണ്ടില്‍നിന്ന് നടന്റെയും ഭാര്യ സരിതയുടെയും അക്കൗണ്ടുകളിലേക്ക് പണം എത്തിയതായാണ് കണ്ടെത്തല്‍. കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായി പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലമാണിതെന്നാണ് ജയസൂര്യയുടെ പ്രാഥമിക മൊഴി.

പരസ്യ ആവശ്യങ്ങള്‍ക്കും മറ്റുമായി സമീപിക്കുന്നവര്‍ നാളെ എന്തൊക്കെ തട്ടിപ്പുകള്‍ ഒപ്പിക്കുമെന്ന് നമുക്ക് ആര്‍ക്കെങ്കിലും ഇന്ന് ഊഹിക്കാന്‍ സാധിക്കുമോ എന്നായിരുന്നു ജയസൂര്യ നല്‍കിയ മറുപടി.

കുറഞ്ഞ വിലയില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്ന വാഗ്ദാനത്തോടെയാണ് ആപ്പ് ജനങ്ങള്‍ക്ക് മുന്നിലെത്തിയത്. ലേലത്തില്‍ പങ്കെടുക്കാന്‍ സേവ് ബോക്‌സ് നല്‍കുന്ന വെര്‍ച്വല്‍ കോയിനുകള്‍ പണംകൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചാണ് ലേലം നടത്തിയിരുന്നത്. നൂറോളം പേരില്‍നിന്നു കോടികള്‍ തട്ടിച്ചതിനു തൃശൂര്‍ സ്വദേശി സ്വാതിക് റഹീമിനെ 2023ലാണ് തൃശൂര്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.