റായ്പൂര്‍ പൂര്‍ണ്ണമായ ലിംഗപ്രവേശനം (Penetration) ഇല്ലാതെയുള്ള സ്ഖലനം ബലാത്സംഗശ്രമമായി മാത്രമേ കണക്കാക്കാന്‍ കഴിയൂ എന്നും അത് ബലാത്സംഗമല്ലെന്നും ഛത്തീസ്ഗഡ് ഹൈക്കോടതി ഉത്തരവിട്ടു. അതിജീവിതയുടെ കന്യാചര്‍മ്മം (Hymen) തകര്‍ന്നിട്ടില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ കോടതി മൂന്നര വര്‍ഷമായി കുറച്ചു.
|
പ്രതിയുടെ ഉദ്ദേശ്യം കുറ്റകരമാണെന്ന് വ്യക്തമാണെങ്കിലും, ബലാത്സംഗം തെളിയിക്കുന്നതിന് ആവശ്യമായ ലിംഗപ്രവേശനം നടന്നുവെന്ന് സംശയരഹിതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജസ്റ്റിസ് നരേന്ദ്ര കുമാര്‍ വ്യാസ് നിരീക്ഷിച്ചു. 2004-ലെ ഐപിസി 375-ാം വകുപ്പ് പ്രകാരം ലിംഗപ്രവേശനം ബലാത്സംഗത്തിന്റെ അവിഭാജ്യ ഘടകമാണ്. അതിനാല്‍ ഐപിസി 376(1) പ്രകാരമുള്ള ശിക്ഷ 376/511 (ബലാത്സംഗശ്രമം) എന്ന വകുപ്പിലേക്ക് കോടതി മാറ്റി.
കേസിന്റെ പശ്ചാത്തലം
2004 മെയ് 21-ന് ധംതരി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിടുകയും വായ മൂടിക്കെട്ടുകയും ചെയ്തു. മുറിയിട്ട് പൂട്ടിയ പെണ്‍കുട്ടിയെ പിന്നീട് മാതാവ് എത്തിയാണ് രക്ഷിച്ചത്.
2005-ല്‍ വിചാരണ കോടതി പ്രതിക്ക് ഏഴ് വര്‍ഷത്തെ കഠിനതടവ് വിധിച്ചിരുന്നു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ലിംഗപ്രവേശനം നടന്നോ എന്നതായിരുന്നു ഹൈക്കോടതി പരിശോധിച്ച പ്രധാന ചോദ്യം.
പെണ്‍കുട്ടിയുടെ കന്യാചര്‍മ്മത്തിന് പരിക്കേറ്റിട്ടില്ലെന്നും എന്നാല്‍ വസ്ത്രങ്ങളില്‍ ബീജത്തിന്റെ സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചു.ആദ്യം ലിംഗപ്രവേശനം നടന്നു എന്ന് വാദിച്ച അതിജീവിത, പിന്നീട് തന്റെ രഹസ്യഭാഗത്ത് ലിംഗം കൊണ്ട് സ്പര്‍ശിക്കുക മാത്രമേ ചെയ്തുള്ളുവെന്ന് മൊഴി തിരുത്തി.
ലിംഗ പ്രവേശനമില്ലാത്ത സ്പര്‍ശനവും സ്ഖലനവും ബലാത്സംഗശ്രമമായി മാത്രമേ കണക്കാക്കാനാകൂ എന്ന് കോടതി വ്യക്തമാക്കി. 2013-ലെ നിയമഭേദഗതിക്ക് മുന്‍പുള്ള ഐപിസി നിയമങ്ങള്‍ അനുസരിച്ചാണ് ഈ വിധി.
വിധിയുടെ പ്രസക്തി
ബലാത്സംഗം തെളിയിക്കാന്‍ നേരിയ തോതിലെങ്കിലും ലിംഗപ്രവേശനം നടന്നതായി വ്യക്തമായി തെളിയിക്കപ്പെടണം എന്ന് കോടതി ഊന്നിപ്പറഞ്ഞു. ഇതില്‍ അവ്യക്തതയുണ്ടെങ്കില്‍ അതിന്റെ ആനുകൂല്യം പ്രതിക്ക് ലഭിക്കും. പ്രതിയെ കുറ്റവിമുക്തനാക്കിയില്ലെങ്കിലും, നിയമപരമായ നിര്‍വചനങ്ങള്‍ പാലിച്ച് ശിക്ഷ പുനര്‍നിര്‍ണ്ണയിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ‘പ്രതിയുടെ ഉദ്ദേശ്യം കുറ്റകരമായിരുന്നു, പ്രവൃത്തി അക്രമാസക്തമായിരുന്നു, എന്നാല്‍ നിയമദൃഷ്ടിയില്‍ അത് ബലാത്സംഗമല്ല, മറിച്ച് ബലാത്സംഗശ്രമമാണ്’ – കോടതി വിധിയില്‍ പറഞ്ഞു.



