ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു
|
അബുദാബി: യു.എ.ഇ ആസ്ഥാനമായ ഇത്തിഹാദ് എയര്‍വേസ് അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും സര്‍വീസുകള്‍ തുടങ്ങുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതലാണ് പുതിയ സര്‍വീസ്. അതേസമയം ഈ വര്‍ഷം നവംബര്‍ 21 മുതല്‍ കൊച്ചിയിലേക്ക് ആഴ്ചയില്‍ എട്ട് അധിക സര്‍വീസും ഇത്തിഹാദ് എയര്‍വേസ് നടത്തും. ഇതോടെ ഓരോ ആഴ്ചയിലും കൊച്ചിയിലേക്ക് ഇത്തിഹാദിന്റെ 21 സര്‍വീസുകള്‍ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
ഇതോടെ യൂറോപ്പ്, ഏഷ്യ, യുഎസ് എന്നിവിടങ്ങളിലായി ഈ വര്‍ഷം പ്രഖ്യാപിച്ച ആകെ പുതിയ റൂട്ടുകളുടെ എണ്ണം 11 ആയി. കൊല്‍ക്കത്ത, സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, കോപ്പന്‍ഹേഗന്‍, ഒസാക എന്നിവിടങ്ങളിലേക്ക് ഉള്‍പ്പെടെ ഒമ്പത് പുതിയ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാന കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എമിറേറ്റിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തിഹാദ് അന്താരാഷ്ട്ര തലത്തില്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്.
വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന പുതിയ ഓഫര്‍ ഇത്തിഹാദ് എയര്‍വേയ്‌സ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘മിഷന്‍ ഇംപോസിബിളി’ലൂടെയാണ് ഇത്തിഹാദ് ഈ പരിമിതകാല ഓഫര്‍ നല്‍കുന്നത്. യാത്രക്കാര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് വിമാന കമ്പനി ഒരുക്കുന്നത്.
ഇന്ത്യയിലേക്കും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ ഈ ഓഫറിലൂടെ സാധിക്കും. 895 ദിര്‍ഹം മുതലാണ് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക്. മുംബൈയിലേക്ക് എക്കണോമി ക്ലാസില്‍ 895 ദിര്‍ഹത്തിന് യാത്ര ചെയ്യാം. 2,445 ദിര്‍ഹമാണ് സുറിച്ചിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്ക്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





