അഹമ്മദാബാദ്: മുറിയില്‍ മയക്ക് മരുന്ന് വച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസില്‍ മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് 20 വര്‍ഷം തടവ്. ഗുജറാത്ത് ബനസ്‌കന്ദയിലെ സെഷന്‍സ് കോടതിയുടേതാണ് വിധി. ഭട്ട് അധികാര ദുര്‍വിനിയോഗം നടത്തിയതായി 700 പേജുള്ള ഉത്തരവില്‍ പറയുന്നു. ( Ex-IPS officer Sanjiv Bhatt gets 20-year jail term in 1996 drug planting case )
|
നിലവില്‍ 1990ലെ കസ്റ്റഡി മരണ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് ഭട്ട്. നിലവിലുള്ള ജീവപര്യന്തം തടവ് കഴിഞ്ഞ ശേഷമാണ് 20 വര്‍ഷത്തെ ജയില്‍ ശിക്ഷാ കാലാവധി തുടങ്ങുകയെന്ന് കോടതി അറിയിച്ചു. വിവിധ വകുപ്പുകള്‍ പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ടല ലക്ഷത്തോളം പിഴയുമാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ജതിന്‍ നത്വര്‍ലാല്‍ തക്കര്‍ വിധിച്ചത്.
1996ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാലന്‍പൂരില്‍ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമേര്‍സിങ് രാജ് പൂരോഹിത് താമസിച്ച മുറിയില്‍ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം. ഭട്ട് ആ സമയത്ത് ബനസ്‌കന്ദ പോലീസ് സുപ്രണ്ടായിരുന്നു. രാജസ്ഥാനിലെ പാലിയില്‍ ഒരു തര്‍ക്ക വസ്തുവിലുള്ള അവകാശം സുമേര്‍സിങ് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നാണ് ആരോപണം.
രാജ്പുരോഹിത് എന്‍ഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ശേഷം അന്നത്തെ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ഐബി വ്യാസ് ആണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. എന്നാല്‍, പിന്നീട് ഹോട്ടലിലുണ്ടായിരുന്നത് രാജ് പുരോഹിത് അല്ലെന്ന് വ്യാസ് റിപോര്‍ട്ട് നല്‍കി.
കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ഭട്ട്, വ്യാസ്, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ആര്‍ ആര്‍ ജെയിന്‍ എന്നിവര്‍ക്കെതിരേ അഭിഭാഷകന്‍ രാജസ്ഥാനിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. സ്വത്ത് തര്‍ക്കത്തില്‍ ജഡ്ജിക്ക് വേണ്ടിയാണ് തന്നെ കേസില്‍ കുടുക്കിയതെന്ന് പരാതിയില്‍ പറയുന്നു.
വര്‍ഷങ്ങളോളം യാതൊരു പുരോഗതിയുമില്ലാതിരുന്ന കേസ് 2018 ഏപ്രിലിലാണ് ഗുജറാത്ത് ഹൈക്കോടതി പൊടി തട്ടിയെടുത്തത്. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷത്തിലാണ് സഞ്ജീവ് ഭട്ടിനെ 2018ല്‍ അറസ്റ്റ് ചെയ്തത്. ആദ്യം പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ഐ.ബി വ്യാസ് പിന്നീട് ഭട്ടിനെതിരെ മൊഴിനല്‍കി മാപ്പുസാക്ഷിയായി. ഇതിനിടെ ജംജോധ്പൂരിലെ കസ്റ്റഡി മരണക്കേസില്‍ ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു.
ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നല്‍കിയതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ സജീവമാക്കിയത്.
കെട്ടിച്ചമച്ച കേസെന്ന് ശ്വേത ഭട്ട്
പ്രോസിക്യൂഷന്‍ മനപൂര്‍വ്വം വലിച്ചിഴച്ച കേസില്‍ സഞ്ജീവ് ഭട്ട് ഇതിനകം 5.5 വര്‍ഷം വിചാരണത്തടവുകാരനായി കഴിഞ്ഞതും നിയമവിരുദ്ധമായി 20 വര്‍ഷം ജീവപര്യന്തം തടവനുവദിക്കുന്നതും പുതിയ ശിക്ഷയില്‍ ഉള്‍പ്പെടില്ലെന്ന് ശ്വേത എക്‌സില്‍ കുറിച്ചു. യാതൊരു നിയമ നടപടികളും പാലിക്കാതെ ജഡ്ജി ജെ എന്‍ തക്കര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നിലവിലെ തടവ് കഴിഞ്ഞ ശേഷമാണ് പുതിയ 20 വര്‍ഷത്തെ ജയില്‍ ആരംഭിക്കുന്നത്-ശ്വേത വ്യക്തമാക്കി.
കേസിന് മുകളില്‍ കേസുകള്‍
ഈ രണ്ട് കേസുകള്‍ക്കു പുറമേ മറ്റ് നിരവധി കേസുകളും ഭട്ട് നേരിടുന്നുണ്ട്. 2002ലെ ഗുജറാത്ത് കലാപത്തില്‍ തെളിവുകള്‍ കെട്ടിച്ചമച്ചു എന്നതാണ് അതിലൊന്ന്. ഇതില്‍ ആക്ടിവിസ്റ്റ് ടീസ്ത സെറ്റല്‍വാദ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍ എന്നിവര്‍ സഹ പ്രതികളാണ്. ഇതിന് പുറമേ ജാമോദ്പൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ചുരുങ്ങിയത് നാല് സ്വകാര്യ പരാതികളെങ്കിലുമുണ്ട്. 1990ലെ വര്‍ഗീകലാപത്തിന് പിന്നാലെ നടന്ന കസ്റ്റഡി പീഢനവുമായി ബന്ധപ്പെട്ടാണ് പരാതി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





