കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ദേശീയ മാധ്യമങ്ങളിലടക്കം വൈറലായ ഒരു വാര്‍ത്തയാണ് പാകിസ്താനില്‍ ശവഭോഗം തടയുന്നതിന് മകളുടെ ഖബര്‍ ഗ്രില്ലിട്ട് പൂട്ടിയ കുടുംബത്തെക്കുറിച്ചുള്ളത്. ചിത്രമടക്കമുള്ള ഈ വാര്‍ത്ത അതിവേഗം പ്രചരിപ്പിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഈ വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ വസ്തുതാന്വേഷണ വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.
|
ഹൈദരാബാദിലെ ഖബര്‍സ്ഥാനില്‍ നിന്നുള്ളതാണ് വ്യാജ വാര്‍ത്തകള്‍ക്ക് ആധാരമാക്കി പ്രചരിപ്പിച്ച ഗ്രില്ലിട്ടു പൂട്ടിയ ഖബര്‍ എന്നതാണ് ആദ്യത്തെ വസ്തുത. മദന്പേട്ടിലെ ദറബ് ജങ് കോളനിയിലെ മസ്ജിദെ സലര് മുല്‍ക്ക് പള്ളി ഖബര്‍സ്ഥാനിലെ ഈ ഖബറിനു മുകളില്‍ ഗ്രില്‍ സ്ഥാപിച്ച് പൂട്ടിയതിനു പിന്നിലെ ശവഭോഗമല്ല കാരണമെന്ന് പള്ളിയിലെ മുഅദ്ദിനെയും പ്രദേശവാസികളെയും ഉദ്ധരിച്ച് ആള്‍ട്ട് ന്യൂസ് വ്യക്തമാക്കുന്നു. ഒന്നര രണ്ട് വര്‍ഷം പഴക്കമുള്ളതാണ് ഈ ഖബര്‍. പള്ളിക്കമ്മിറ്റിയുടെ അനുവാദമില്ലാതെയാണ് ഖബര്‍ സ്ഥാപിച്ചതും. ഖബര്‍സ്ഥാനിലെ പ്രവേശന കവാടത്തിനു മുന്നില്‍ വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ നിര്‍മിച്ച ഖബറിനെതിരേ എതിര്‍പ്പുണ്ടാവുകയും പള്ളിക്കമ്മിറ്റിയില്‍ എട്ടുദിവസം വിഷയം ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു.
പഴയ ഖബറുകളില്‍ അനുമതിയില്ലാതെ മൃതദേഹം മറവുചെയ്യാന്‍ ധാരാളമാളുകള്‍ വരാറുണ്ടെന്ന് അദ്ദിനായി മുഖ്താര്‍ പറഞ്ഞു. ഇതിനെതിരേ പ്രിയപ്പെട്ടവരെ മറവുചെയ്തവര് പരാതികള്‍ ഉന്നയിച്ചിരുന്നു. ഇത്തരം നടപടി തടയുന്നതിനാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ഖബറിന് ഗ്രില്ല് സ്ഥാപിച്ച് പൂട്ടിട്ടത്. എഴുപത് പിന്നിട്ട വൃദ്ധയുടെ മൃതദേഹമാണ് ഈ ഖബറില്‍ മറവ് ചെയ്തിരിക്കുന്നതെന്ന് പ്രദേശവാസി ആള്‍ട്ട് ന്യൂസിനോട് പറഞ്ഞു. വൃദ്ധയെ മറവ് ചെയ്ത് 40 ദിവസത്തിനു ശേഷമാണ് മകന് ഖബറിന് ഗ്രില്ലിട്ടതെന്നും അവര്‍ വ്യക്തമാക്കി.
ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവില്‍ പോലും ഹൈദരാബാദിലെ ഈ ഖബര്‍ വ്യക്തമാണ്. വ്യാജവാര്‍ത്തകള്‍ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രവും ഈ ഖബറും ഒന്നാണെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകളാണ് ആള്‍ട്ട് ന്യൂസ് വിവിധ ഫോട്ടോകളിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ഇസ് ലാം മതം ഉപേക്ഷിച്ച ഹാരിസ് സുല്‍ത്താന്‍ എന്നയാളുടെ ട്വീറ്റിനെ അടിസ്ഥാനമാക്കിയായിരുന്നു മാധ്യമങ്ങള്‍ ഇത്തരമൊരു വ്യാജ വാര്‍ത്ത പടച്ചുവിട്ടത്. എന്നാല്‍ 77 ലക്ഷത്തിലേറെ പേര് കണ്ട ഈ ട്വീറ്റ് ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക









