28
Dec 2023
Sun
28 Dec 2023 Sun

ആലപ്പുഴ: പെണ്ണുകേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വയോധികനിൽ നിന്ന് 25 ലക്ഷം തട്ടിയ വ്യാജ എസ്ഐ അറസ്റ്റിൽ. അമ്പലപ്പുഴ വണ്ടാനം നീർക്കുന്നം കൊച്ചുപുരയ്ക്കൽ വീട്ടിൽ അബ്ദുൽ മനാഫാണ് (33) പിടിയിലായത്. ചെറിയനാട് ചെറുവല്ലൂർ ആലക്കോട്ട് കല്ലേലിൽ വീട്ടിൽ ഫിലിപ്പിനെ (കൊച്ചുമോൻ–72) യാണ് ഇയാൾ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാന്നാർ എസ്ഐ എന്നു പരിചയപ്പെടുത്തിയാണ് മനാഫ് ഫിലിപ്പിൽ നിന്ന് പണം തട്ടിയത്. സ്ത്രീകളോട് മോശമായി പെരുമാറിയെന്നതിന് ഫിലിപ്പിന്റെ പേരിൽ കേസുണ്ടെന്ന് പറഞ്ഞ് ഇത് ഒതുക്കിത്തീർക്കാൻ മൂന്നു ലക്ഷം രൂപ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ ഇതിനു വഴങ്ങാതിരുന്നപ്പോൾ മക്കളെയും ബന്ധുക്കളെയുമൊക്കെ വിവരം അറിയിക്കുമെന്നായി ഭീഷണി. തുടർന്നു മൂന്ന് ലക്ഷം രൂപ കൈക്കലാക്കി.

പിന്നീട് പൊലീസുകാർക്കും ജഡ്ജിക്കും നൽകാനാണെന്ന് പറഞ്ഞ് പലപ്പോഴായി 22 ലക്ഷം രൂപ കൂടി തട്ടിയെടുത്തു. ഏതാനും ദിവസങ്ങൾക്ക് ശേഷം മറ്റു രണ്ടു കേസുകൾ കൂടിയുണ്ടെന്നും കേസിൽ നിന്നും ഊരാൻ 16 ലക്ഷം രൂപ വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മാനസികമായി തകർന്ന ഫിലിപ്പ്, ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ഈ മാസം അഞ്ചാം തീയതി വീടു വിട്ടിറങ്ങി.

ഫിലിപ്പിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൽ പൊലീസിൽ പരാതി നൽകി. സംസ്ഥാനത്തിന്റെ പലയിടത്തും അന്വേഷിച്ച പൊലീസ്, കോട്ടയം നാ​ഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നാണ് ഫിലിപ്പിനെ കണ്ടെത്തുന്നത്. തുടർന്നു ചോദിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. വയോധികനെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.