21
May 2023
Fri
21 May 2023 Fri

ന്യൂഡൽഹി: പ്രശസ്ത ബൈക്ക് റൈഡറും യൂട്യൂബറുമായ അഗസ്ത്യ ചൗഹാൻ ബൈക്ക് അപകടത്തിൽ കൊല്ലപ്പെട്ടു. 300 കിലോമീറ്റർ വേഗതയിൽ സൂപ്പർ ബൈക്ക് ഓടിക്കുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡിറിൽ ഇടിച്ചാണ് മരണം. 25 കാരനായ അഗസ്ത്യക്ക് യൂട്യൂബിൽ 12 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാവസാക്കി നിഞ്ച ZX 10R സൂപ്പർ ബൈക്കിൽ മണിക്കൂറിൽ 300 കിലോമീറ്റർ വേഗത കൈവരിക്കാൻ ശ്രമിക്കുകയായിരുന്നു. ബൈക്ക് ഓടിക്കുന്ന നിരവധി വീഡിയോകൾ അഗസ്ത്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. യമുന എക്‌സ്പ്രസ്വേയിൽ ആഗ്രയിൽ നിന്ന് ഡൽഹിയിലേക്ക് പോകുന്നതിനിടെ ഉത്തർപ്രദേശിലെ തപ്പാൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വെച്ചാണ് യൂട്യൂബർ അപകടത്തെ മുഖാമുഖം കണ്ടത്. 300 കിലോമീറ്റർ വേഗത തെടാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എക്‌സ്പ്രസ് വേയിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ അഗസ്ത്യ തെറിച്ചുവീഴുകയും ഹെൽമറ്റ് തകരുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അഗസ്ത്യ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് എമർജൻസി മെഡിക്കൽ ടീം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകട വിവരം ലഭിച്ചയുടൻ അലിഗഡ് ജില്ലയിലെ തപ്പാൽ പൊലീസ് ഉദ്യോഗസ്ഥർ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗ്രേറ്റർ നോയിഡയിലെ ജെവാറിലെ കൈലാഷ് ആശുപത്രി മോർച്ചറിയിലേക്ക് അയച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.