17
Aug 2025
Sun
17 Aug 2025 Sun

ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബൈയിൽ നിന്ന് ഇത്തിഹാദ് ട്രെയിനിൽ ഫുജൈറയിലേക്ക് സഞ്ചരിച്ചു. അൽ സില മുതൽ കിഴക്ക് ഭാഗത്തെ ഫുജൈറ വരെയുള്ള തന്റെ അവിസ്മരണീയ യാത്രയുടെ ഫോട്ടോകൾ അദ്ദേഹം എക്‌സിൽ പങ്കിട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ എത്താൻ കഴിയുന്ന ട്രെയിനുകളുമായി രാജ്യത്തുടനീളമുള്ള 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയ പദ്ധതിയുടെ പ്രാധാന്യം ശൈഖ് മുഹമ്മദ് എടുത്തു പറഞ്ഞു.

അടുത്ത വർഷം ആരംഭിക്കാനിരിക്കുന്ന ഇത്തിഹാദ് പാസഞ്ചർ സർവിസ് 2030ഓടെ പ്രതിവർഷം 36 ദശലക്ഷം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കും.
‘നമ്മുടെ ദേശീയ പദ്ധതികളിൽ അഭിമാനിക്കുന്നു… തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദിന്റെ നേതൃത്വത്തിലുള്ള ഇത്തിഹാദ് ടീമിനെക്കുറിച്ച് അഭിമാനിക്കുന്നു… ഒരിക്കലും നിർത്താതെ പ്രവർത്തിക്കുകയും, എന്നാൽ, ഭാവിയിലെ അടിസ്ഥാന സൗകര്യങ്ങളിൽ എന്നും പുതിയ കൂട്ടിച്ചേർക്കലുകൾ നടത്തി മുന്നേറുകയും ചെയ്യുന്ന രാജ്യത്തെക്കുറിച്ചും അഭിമാനിക്കുന്നു’ -ശൈഖ് മുഹമ്മദ് എക്‌സിൽ വ്യക്തമാക്കി.

സന്ദർശന വേളയിൽ ഇത്തിഹാദ് റെയിൽ സംഘം പദ്ധതിയുടെ പുരോഗതിയെയും ഇതുവരെയായി അത് താണ്ടിയ നാഴികക്കല്ലുകളെയും കുറിച്ച് ശൈഖ് മുഹമ്മദിന് വിശദീകരിച്ചു കൊടുത്തു.
2021ൽ ’50 പദ്ധതികളുടെ’ പ്രഖ്യാപനം മുതൽ സമ്പൂർണ ദേശീയ റെയിൽവേ ശൃംഖലയുടെ ഉദ്ഘാടനവും, 2023ൽ ചരക്ക് ട്രെയിൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വരെയുള്ള വിവിധ ഘട്ടങ്ങളിലൂടെ ഞങ്ങളുടെ ശൃംഖലയുടെ പരിണാമത്തിന് സാക്ഷ്യം വഹിച്ച് (ശൈഖ് മുഹമ്മദ്), ഞങ്ങളുടെ യാത്രയിലെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു -ഇത്തിഹാദ് റെയിൽ ചെയർമാൻ ശൈഖ് തിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു.

ഇത്തിഹാദ് റെയിൽ ബന്ധിപ്പിക്കുന്ന നഗരങ്ങൾ:
ഏഴ് എമിറേറ്റുകളിലുമായി 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിച്ചുള്ള ഏകദേശം 900 കിലോമീറ്റർ ദൈർഘ്യമുള്ള ഇത്തിഹാദ് റെയിൽ പാസഞ്ചർ ശൃംഖലയാണിത്. യു.എ.ഇയുടെ വികസിച്ചു കൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുടെ ആധാര ശിലയായി ദേശീയ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുക, യാത്രാ സമയം ഗണ്യമായി കുറയ്ക്കുക, സുസ്ഥിര ഗതാഗതത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

1. അബൂദബി
2. ദുബൈ
3. ഷാർജ
4. റാസൽ ഖൈമ
5. ഫുജൈറ
6. അൽ ഐൻ
7. റുവൈസ്
8. അൽ മിർഫ
9. അൽ ദൈദ്
10. സൗദി അതിർത്തിയിലെ ഗുവൈഫാത്
11. സൊഹാർ (ഒമാൻ റെയിൽ പദ്ധതി വഴി)

അഡ്വാൻസ്ഡ് പാസഞ്ചർ റെയിൽ സർവിസ് നെറ്റ്‌വർക് ലൈൻ പടിഞ്ഞാറ് അൽ സിലയിൽ നിന്ന് കിഴക്ക് ഫുജൈറയിലേക്കാണ് സഞ്ചരിക്കുക. ഇത് രാജ്യത്തെ ഗതാഗത മേഖലയിലെ സുപ്രധാന ധമനിയായി വർത്തിക്കും. വരാനിരിക്കുന്ന രണ്ട് സ്റ്റേഷൻ ഇടങ്ങൾ അധികൃതർ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്ന് ഫുജൈറയിലെ സകംകമിലും, മറ്റൊന്ന്, ഷാർജയിലെ യൂനിവേഴ്സിറ്റി സിറ്റിയിലുമാണ്.

ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷന് സമീപം സാധ്യതയുള്ള സ്റ്റോപ്പ് ഉൾപ്പെടെ, കൂടുതൽ സ്റ്റേഷൻ സ്ഥലങ്ങൾ പരിഗണനയിലാണ്. അബൂദബിയിൽ മുസഫ ഇൻഡസ്ട്രിയൽ ഏരിയയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും ഇടയിലുള്ള പൈപ് ലൈൻ കോറിഡോറിലും (ദൽമ മാളിന് സമീപം), മുസഫ ബസ് സ്റ്റേഷന് സമീപവും (ഫീനിക്സ് ആശുപത്രിയോട് ചേർന്ന്) നിർദിഷ്ട സ്റ്റേഷൻ സ്ഥാപിക്കുമെന്നാണ് കരുതുന്നത്.

Sheikh Mohammed’s Etihad rail journey signals bold leap in UAE transport vision