ഞണ്ടുകളെ പിടിക്കാൻ പോയ അഞ്ചുകുട്ടികൾ വനത്തിൽ കുടുങ്ങി. ദേശീയ ദുരന്തനിവാരണ സേനയും അഗ്നിരക്ഷാസേനയും നടത്തിയ സംയുക്ത തിരച്ചിലിനൊടുവിൽ പുലർച്ചെ മൂന്നോടെ കുട്ടികളെ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. 12 വയസ്സുവരെ പ്രായമുള്ള കുട്ടികളാണ് ഞണ്ടുകളെ പിടിക്കാൻ പോയി വഴിതെറ്റി വനത്തിൽ അകപ്പെട്ടത്.
|
കഴിഞ്ഞദിവസം വൈകീട്ട് അഞ്ചോടെയാണ് ആസാദ് നഗറിലെ ദർഗാ ഗല്ലിയിൽ നിന്ന് അഞ്ചുകുട്ടികളെ മമ്പ്ര കുന്നിലേക്ക് ഞണ്ടുകളെ പിടിക്കാൻ പോയത്. എന്നാൽ ഇരുട്ടുവീണതോടെ കുട്ടികൾ കാട്ടിൽ അകപ്പെടുകയും നിലവിളിച്ച് വിവരം പുറത്തറിയിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സമയം ശബ്ദം കേട്ടവർ തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഇവരാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്.
തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയിലെയും അഗ്നിശമന സേനയിലെയും അംഗങ്ങളെത്തി രക്ഷാപ്രവർത്തനം തുടങ്ങി. പരിചിതമല്ലാത്ത കുന്നിൻപ്രദേശവും കനത്ത മഴയും ഇരുട്ടും രക്ഷാപ്രവർത്തനം അതീവദുഷ്കരമാക്കിയെങ്കിലും പുലർച്ചെ മൂന്നോടെ കുട്ടികളെ കണ്ടെത്താനായി. തുടർന്ന് കുട്ടികളെ മാതാപിതാക്കൾക്കു കൈമാറി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





