ബെംഗളൂരു: വിവാഹ ചടങ്ങുകളില്‍ സ്ഥിരമായി മോഷണം നടത്തിയിരുന്ന മുന്‍ ഗസ്റ്റ് ലക്ചററര്‍ അററ്റില്‍. വധുവിന്റെയോ വരന്റെയോ ബന്ധുവാണെന്ന് പരിചയപ്പെടുത്തിയാണ് സ്വര്‍ണാഭരണങ്ങളും പണവും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും ഇവര്‍ കവര്‍ന്നത്. കെ ആര്‍ പുരം ഉദയനഗര്‍ സ്വദേശിനിയായ രേവതിയാണ് (46) ബസവനഗുഡി പൊലീസ് അറസ്റ്റ് ചെയ്തത്. വിവിധ കല്യാണവീടുകളില്‍ നടന്ന മോഷണങ്ങളില്‍ ഇവര്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
|
രേവതിയുടെ പക്കല്‍ നിന്ന് ഏകദേശം 32 ലക്ഷം രൂപ വിലമതിക്കുന്ന 262 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലി ഉപേക്ഷിച്ചതിന് ശേഷമാണ് രേവതി മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പൊലീസ് പറയുന്നു.
നവംബര്‍ 23ന് ബസവനഗുഡിയിലെ കല്യാണമണ്ഡപത്തില്‍ ബന്ധുവിന്റെ വിവാഹത്തിനെത്തിയ മഞ്ജുനാഥ നഗര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 32 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ഇവര്‍ മണ്ഡപത്തിലെ മുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്നു. മാല കാണാതായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പരിശോധിച്ചശേഷമാണ് രേവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബസവനഗുഡിയിലെ മറ്റ് രണ്ട് കല്യാണമണ്ഡപങ്ങളിലും മറ്റ് ജില്ലകളിലും സമാനമായ രീതിയില്‍ മോഷണം നടത്തിയതായി ഇവര്‍ സമ്മതിച്ചു. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് വീട്ടില്‍ സൂക്ഷിക്കുകയും ബാക്കിയുള്ളവ വായ്പയ്ക്കായി ബാങ്കില്‍ പണയപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും രേവതി പറഞ്ഞു.
വിവാഹ ചടങ്ങുകള്‍ക്കിടയില്‍ സ്ത്രീകള്‍ ആഭരണങ്ങള്‍ അഴിച്ചുവെയ്ക്കുന്നതും ചടങ്ങുകളില്‍ മുഴുകിയിരിക്കുന്നതും ശ്രദ്ധിച്ചതിന് ശേഷമാണ് രേവതി മോഷണം നടത്തുന്നത്. ബന്ധുവാണെന്ന് പറഞ്ഞ് മുറികളില്‍ കടന്നുകൂടി വിലപിടിപ്പുള്ളവ മോഷ്ടിച്ച് കടന്നുകളയുകയാണ് രേവതിയുടെ പതിവ്. ഭര്‍ത്താവ് ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയിലാണെന്നും മകന്റെ വിദ്യാഭ്യാസ ചെലവുകള്‍ക്കും മറ്റ് കുടുംബ ആവശ്യങ്ങള്‍ക്കും പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്നും രേവതി പൊലീസിനോട് പറഞ്ഞു.





