ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥനെ ആക്രമിക്കാന്‍ ശ്രമിച്ച് പശു. യോഗി ആദിത്യനാഥ് ഗൊരഖ്പുരില്‍ പാലം ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. അശ്രദ്ധ കാട്ടിയ ഗൊരഖ്പുര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സൂപ്പര്‍വൈസര്‍ അരവിന്ദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.(Cow rushes towards Yogi Adityanath, Supervisor suspended for safety lapse)
|
വെള്ളിയാഴ്ച വൈകുന്നേരം ഗൊരഖ്‌നാഥ് ഓവര്‍ബ്രിഡ്ജ് ഉദ്ഘാടന വേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുഖ്യമന്ത്രി കാറില്‍ നിന്നിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി പശു വാഹനത്തിന് അടുത്തേക്ക് പാഞ്ഞെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ ഇടപെട്ട് പശുവിനെ തടഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി.
ഞായറാഴ്ച സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവിഐപി സുരക്ഷാ പരിധിയില്‍ മൃഗങ്ങള്‍ കടന്നുകൂടുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനാണ് സൂപ്പര്‍വൈസറെ സസ്‌പെന്‍ഡ് ചെയ്തത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ക്രമീകരണങ്ങളില്‍ തുടര്‍ച്ചയായ വീഴ്ചകള്‍ സംഭവിക്കുന്നത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ഡിസംബര്‍ 2-ന് വാരണാസിയിലെ നമോ ഘട്ടില്‍ നടന്ന പരിപാടിക്കിടെ മദ്യപിച്ച ഒരാള്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ വലയം ഭേദിച്ച് വേദിയിലെത്തിയിരുന്നു.
ഉത്തര്‍പ്രദേശിലെ തെരുവുകളില്‍ അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ അഖിലേഷ് യാദവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ നിരന്തരം ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് തന്നെ ഇത്തരമൊരു അനുഭവം ഉണ്ടായത്.





