22
Dec 2025
Mon
22 Dec 2025 Mon
street vendors selling christmas items blocked by Hindutwa members

ഇതു ഹിന്ദുരാഷ്ട്രമാണെന്നും ക്രിസ്താനികളുടെ ഒന്നും ഇവിടെ വില്‍ക്കേണ്ടെന്നും ആക്രോശിച്ച് തെരുവുകച്ചവടക്കാരെ തുരത്തി ഹിന്ദുത്വ അക്രമികള്‍. ഒഡീഷയില്‍ നിന്നാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. ഗോ സേവക് രാധാമാധവ് ദാസ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ഉള്ളത്. ഹിന്ദുക്കള്‍ ഉണരണമെന്നും നാം ഉണര്‍ന്നാല്‍ മാത്രമേ ഹിന്ദു മതത്തെ സംരക്ഷിക്കാനാവൂ എന്നും ഈ വിഡിയോ പങ്കുവച്ചുകൊണ്ട് ഇയാള്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാറിലെത്തിയ രാധാ മാധവ് ദാസും സംഘവുമാണ് തെരുവില്‍ ക്രിസ്മസ് പാപ്പാനിയുടെ തൊപ്പിയും ഉടുപ്പുമൊക്കെ വില്‍ക്കുന്ന കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയത്. വഴിയോരത്തിട്ട് പാപ്പാനി വസ്ത്രങ്ങള്‍ വില്‍ക്കുന്നവരെയാണ് അക്രമികള്‍ ഭീഷണിപ്പെടുത്തി ഓടിക്കുന്നത്. കച്ചവടം ചെയ്യുന്ന യുവാവിനോട് എവിടെ നിന്നു വരുന്നുവെന്ന ചോദ്യത്തിന് രാജസ്ഥാന്‍ ആണെന്നാണ് മറുപടി. കച്ചവടം തടസ്സപ്പെടുത്തിയതോടെ ഇവിടെ നില്‍ക്കുന്ന യുവാവ് ആരെയോ ഫോണില്‍ വിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനിടെ കാറിലുണ്ടായിരുന്ന മറ്റ് അക്രമികളും യുവാവിനെ ചോദ്യംചെയ്യുന്നുണ്ട്.

വഴിയോരക്കച്ചവടം ചെയ്യുന്ന ദമ്പതികളെയും സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. എവിടെ നിന്നാണ് വരുന്നതെന്ന ചോദ്യത്തിന് ഗുജറാത്തില്‍ നിന്നാണെന്നും തങ്ങള്‍ ഹിന്ദുക്കളാണെന്നുമൊക്കെ ദമ്പതികള്‍ വിശദീകരണം നല്‍കുന്നുണ്ട്. ഹിന്ദുവായിട്ടാണോ ഇതും വിറ്റോണ്ടിരിക്കുന്നതെന്നാണ് അക്രമിയുടെ മറുചോദ്യം. എല്ലാം വാരിക്കെട്ടി പൊയ്‌ക്കോളാനും ഇയാള്‍ നിര്‍ദേശിക്കുന്നു. വാഹനത്തില്‍ കറങ്ങിനടന്ന ക്രിസ്മസ് ആഘോഷത്തിനായി വഴിയോരക്കച്ചവടം നടത്തുന്നവരെ ആട്ടിയോടിക്കുന്ന വീഡിയോ പശ്ചാത്തല സംഗീതത്തോടെ രാധാമാധവ് ദാസ് സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

ALSO READ: ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്, അതിന് ഭരണഘടനാനുമതി ആവശ്യമില്ലെന്ന് ആര്‍എസ്എസ് മേധാവി