സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. നിലവില്‍ പവന് 1,15,600 രൂപയും ഗ്രാമിന് 14,450 രൂപയുമാണ് നല്‍കേണ്ടത്. കഴിഞ്ഞ ദിവസം പവന് 1,14,440 രൂപ, ഗ്രാമിന് 14,305 രൂപ നിരക്കിലായിരുന്നു വ്യാപാരം.
|
വിപണി വില ഇത്രയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും ചേരുമ്പോള്‍ വില വീണ്ടും കൂടും. സ്വര്‍ണത്തിനോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഗ്രാമിന് 284.90 രൂപയും കിലോയ്ക്ക് 2,84,900 രൂപയുമാണ് വില.
സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. മെയ് അഞ്ചിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 1,09,400 രൂപ നിരക്കിലായിരുന്നു വ്യാപാരം. എന്നാല്‍ മെയ് 13ന് സ്വര്‍ണം പവന് 1,23,120 രൂപ എന്ന റെക്കോര്‍ഡ് കുതിപ്പ് നടത്തി. എന്നാല്‍ തൊട്ടടുത്ത ദിവസങ്ങളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയത്.
രാജ്യാന്തര വിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ഇടിയുന്നത്. സമാധാന ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഇറാനില്‍ യു.എസ് ആക്രമണം നടത്തിയത് ക്രൂഡ് ഓയില്‍ വില കൂടാന്‍ കാരണമായി. ഇത്തരത്തില്‍ എണ്ണ വില കുതിക്കുന്നത് ആഗോളതലത്തില്‍ പണപ്പെരുപ്പ പേടി കൂടുകയാണ്. ഇതോടെ യു.എസ് ഫെഡറല്‍ ബാങ്ക് പലിശ നിരക്ക് കൂട്ടാനുള്ള സാധ്യതയും ഉയര്‍ന്നു. ഇതെല്ലാം സ്വര്‍ണനിരക്ക് ഇടിയാന്‍ കാരണമായി.
സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷം പോലെ മറ്റ് ചില ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറയുമ്പോള്‍ സ്വാഭാവികമായും ഇന്ത്യയിലും വില കുറയും. ആഗോള വിപണിയില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത് അമേരിക്കന്‍ ഡോളറിലാണ്. അതുകൊണ്ട് ഡോളറിന്റെ മൂല്യവും സ്വര്‍ണവിലയും തമ്മില്‍ ബന്ധമുണ്ട്. ഡോളര്‍ ശക്തിപ്പെടുമ്പോള്‍ സ്വര്‍ണവില താഴുകയും ഡോളറിന്റെ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണവില കൂടുകയും ചെയ്യും.
അതുപോലെ രൂപയുടെ മൂല്യവും രാജ്യത്തെ സ്വര്‍ണവിലയെ സ്വാധീനിക്കും. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സ്വര്‍ണം ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരുന്നു. ഇത് സ്വര്‍ണവില കൂട്ടാന്‍ കാരണമാകും. പണപ്പെരുപ്പവും പലിശ നിരക്കും ഡിമാന്‍ഡും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റ് ഘടകങ്ങളാണ്.
Gold price increased today in Kerala; Silver price change



